വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സോണിയ ഗാന്ധി ഒഴുക്കുന്നത് മുതല കണ്ണീര്‍; ആഞ്ഞടിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ് ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു നിര്‍മ്മല സീതാരാമന്റെ രൂക്ഷ വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ട്ടി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പ്രതിരോധിച്ചിട്ടില്ലേ എന്ന് ചോദിച്ച ധനമന്ത്രി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണ സമയത്തല്ലേ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തിഹാര്‍ ജയിലില്‍ അടച്ചതെന്നും ചോദിച്ചു. മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടേണ്ടി വന്ന കാര്യവും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.

സോണിയ ഗാന്ധിയുടെ മനുഷ്യാവകാശ സംരക്ഷണ നിലപാട് ചിലര്‍ക്ക് വേണ്ടി മാത്രമാണെന്നും നിന്ദ്യവും മനുഷ്യത്വരഹിതവുമായ രീതിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഹൈന്ദവ ബംഗാളികള്‍ രാജ്യത്തെമ്പാടുമുള്ള ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചു.

ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാനും അക്രമത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്യേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ വിഭജനത്തിന്റെയും അക്രമത്തിന്റെയും പ്രതീകമാണെന്നും പൗരത്വ ബില്ലിനെതിരെ ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം മാറ്റത്തിന്റെ തുടക്കമാണെന്നാണ് സോണിയ ഗാന്ധി ഇന്നലെ പറഞ്ഞത്.

Top