ശിവസേനയുമായി യാതൊരു നീക്കുപോക്കിനും തയ്യാറല്ല; നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ശിവസേനയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് സോണിയാ ഗാന്ധി.

ശിവസേന-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ശിവസേനയുമായി യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലത്തെ കൂടിക്കാഴ്ചയിലും ശിവസേനയുമായി സഖ്യം വേണ്ടെന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്.

എന്നാല്‍ മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ് ശിവസേന. നിലവില്‍ തങ്ങള്‍ക്ക് 175 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്.

Top