ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം;നേതാക്കളുടെ ആവശ്യം തള്ളി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടതിനെ തുടർന്ന്‌ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയാ ഗാന്ധി നിരസിച്ചു.

കര്‍ണാടകത്തിലെ പ്രതിസന്ധി കൂടാതെ ഗോവയില്‍ പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യം കൂടികണക്കിലെടുത്താണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വീണ്ടും അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി.

Top