കോൺഗ്രസ്സ് നിലപാട് ലീഗിനും കുരുക്ക്, അടിത്തറയിളകുന്നത് കേരളത്തിൽ . . .

മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയിപ്പോള്‍ വലിയ ഗതികേടിലാണ്. കോണ്‍ഗ്രസ്സ് തീവ്ര വര്‍ഗ്ഗീയതയുമായി യോജിക്കുന്ന നിലപാട് തുടര്‍ച്ചയായി സ്വീകരിക്കുന്നതാണ് ആ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. രാഹുലിനെ വയനാട്ടില്‍ നിന്നും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് ഇത്തരമൊരു ‘പണി’ കിട്ടുമെന്ന് ലീഗ് നേതൃത്വം സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.

കശ്മീര്‍ ,അയോധ്യ വിഷയങ്ങളില്‍ തുടങ്ങി മഹാരാഷ്ട്ര വരെ കോണ്‍ഗ്രസ്സ് നിലപാടുകളില്‍ കടുത്ത പ്രതിഷേധമാണ് മുസ്ലീം ലീഗിനുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന് വന്ന ഈ പ്രതിഷേധം സോണിയ ഗാന്ധിയെ നേരിട്ട് ലീഗ് നേതൃത്വം തന്നെ അറിയിച്ചു കഴിഞ്ഞു. ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയെ സന്ദര്‍ശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നിലപാടില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും നേതാക്കള്‍ സോണിയയെ അറിയിച്ചിട്ടുണ്ട്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നതാണ് നിലവില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്ന നിലപാട്. കശ്മീര്‍ വിഷയത്തിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ മോദി സര്‍ക്കാറിനെ ന്യായീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ മാത്രമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ്സ് എതിര്‍ത്തിരുന്നത്. എന്നാല്‍ അപ്പോള്‍ പോലും ഈ നടപടിയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഉന്നത കോണ്‍ഗ്രസ്സ് നേതാക്കളുള്‍പ്പടെ സ്വീകരിച്ചിരുന്നത്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി സോണിയ ഗാന്ധി തന്നെ നേരിട്ട് സംസാരിച്ചതും മുസ്ലീം ലീഗിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് – ശിവസേന – എന്‍.സി.പി സര്‍ക്കാര്‍ ഉണ്ടായാലും ഇല്ലങ്കിലും നടന്ന ചര്‍ച്ചകള്‍ തരിച്ചടി തന്നെയാണെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും സോണിയ ഗാന്ധി ലീഗിന് നല്‍കിയിട്ടില്ലന്നാണ് പുറത്ത് വരുന്ന വിവരം.

കോണ്‍ഗ്രസ്സ് ഈ പോക്ക് പോയാല്‍ എങ്ങനെ അണികളെ അഭിമുഖീകരിക്കും എന്ന കാര്യത്തിലാണ് ലീഗ് നേതൃത്വമിപ്പോള്‍ തല പുകഞ്ഞ് ആലോചിക്കുന്നത്.

ഈ അവസരം ഇടതുപക്ഷം ശരിക്കും മുതലെടുക്കുമെന്ന ഭയവും ലീഗില്‍ ശക്തമാണ്.എന്‍.സി.പിയുടെ മഹാരാഷ്ട്രയിലെ നിലപാട് മാത്രമാണ് ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ ലീഗിന്റെ കൈവശമുള്ള ഏക ആയുധം. ഇതിന്റെ ആയുസ്സാകട്ടെ എന്‍.സി.പിയെ സി.പി.എം മുന്നണിയില്‍ നിന്നും പുറത്താക്കുന്നത് വരെ മാത്രമേ ഉണ്ടാകുകയുള്ളൂ.

ശിവസേനയോടും മോദിയോടും ഒരുപോലെ വില പേശുന്ന ശരദ് പവാറിന്റെ നിലപാട് സി.പി.എം ഇപ്പോള്‍ സൂഷ്മമായാണ് നിരീക്ഷിക്കുന്നത്.

മഹാരാഷ്ട്രയുടെ കാര്യത്തില്‍ ‘തീരുമാനമായാല്‍’ പിന്നെ കേരളത്തിലും ‘തീരുമാനമെടുക്കാന്‍’ താമസമുണ്ടാകില്ലന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന. അവസരവാദ പാര്‍ട്ടിയായ എന്‍.സി.പിയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന വികാരമാണ് സി.പി.എം അണികള്‍ക്കിടയിലും ഉള്ളത്.

എന്‍.സി.പി തീവ്രവര്‍ഗീയതയുടെ ഭാഗമായാല്‍ സി.പി.എമ്മിനെ സംബന്ധിച്ച് പിന്നെ ആ പാര്‍ട്ടിയെ ഒരു നിമിഷം പോലും മുന്നണിയില്‍ നിര്‍ത്താന്‍ കഴിയുകയില്ല.

ഈ അപകടം മുന്നില്‍ കണ്ട് പിളര്‍ന്ന് മറ്റൊരു പാര്‍ട്ടിയാകാനാണ് എന്‍.സി.പിയിലെ ഒരു വിഭാഗമിപ്പോള്‍ കേരളത്തില്‍ ശ്രമിക്കുന്നത്.

പവാറിനെ കൂട്ട് പിടിച്ച് ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രചരണം ശക്തമായതോടെ രാഷ്ട്രീയ കരുനീക്കങ്ങളും മഹാരാഷ്ട്രയില്‍ ശക്തമായിട്ടുണ്ട്.

ഇതോടെയാണ് ശിവസേനയെ കൂട്ട് പിടിച്ചായാലും ബദല്‍ സര്‍ക്കാര്‍ എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് നീക്കം ശക്തമാക്കിയത്. ശിവസേനയുമായി യോജിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടഭിപ്രായവും കോണ്‍ഗ്രസ്സില്‍ ശക്തമാണ്. സോണിയ ഗാന്ധിയുടെ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേലാണ് സഖ്യത്തിന് താല്‍പ്പര്യമെടുക്കുന്ന പ്രധാന നേതാവ്.

കോണ്‍ഗ്രസ്സിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളും പാര്‍ട്ടി നീക്കത്തില്‍ കടുത്ത നിരാശയിലാണ്. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്കും സാധ്യത കൂടുതലാണ്. സെക്യുലര്‍ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് നഷ്ടമാകാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ നടന്ന ചര്‍ച്ചയോടെ തന്നെ കോണ്‍ഗ്രസ്സ് സ്വന്തം വോട്ടര്‍മാരെ വഞ്ചിച്ചെന്നാണ് ബി.ജെ.പിയും ആരോപിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ അവസ്ഥയില്‍ ഏറെ സന്തോഷിക്കുന്നതും ബി.ജെ.പി തന്നെയാണ്.

മോദി ശരദ് പവാറുമായി ചര്‍ച്ച നടത്തിയത് തന്നെ കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു. തന്ത്രപരമായ ഈ നീക്കത്തിലാണ് കോണ്‍ഗ്രസ്സ് പതറി പോയിരുന്നത്. ‘പല്ല് കൊഴിഞ്ഞ’ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കേണ്ട സാധ്യത കൂടി തുറന്നിട്ടാണ് പവാറുമായി മോദി ചര്‍ച്ച നടത്തിയിരിക്കുന്നത്.

അവസരവാദ രാഷ്ട്രീയത്തിന്റെ വിളനിലമായി ദേശീയ രാഷ്ട്രീയം മാറുമ്പോള്‍ കേരളത്തിലും അതിന്റെ അലയൊലി ശക്തമാവുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് സിപിഎം നിലവില്‍ ശ്രമിക്കുന്നത്. എന്‍.സി.പിയുടെ കാര്യത്തില്‍ നിലപാട് കടുപ്പിക്കുന്നതും അതിന്റെ ഭാഗമാണ്.

മുസ്ലീംലീഗിന്റെ ആശങ്ക ഉയര്‍ത്തുന്നതും ചുവപ്പിന്റെ ഇത്തരം ഒരു നീക്കം തന്നെയാണ്. അടുത്ത തവണ ഭരണം കിട്ടും എന്ന ഒറ്റ പ്രതീക്ഷയിലാണ് ലീഗ് യു.ഡി.എഫില്‍ തുടരുന്നത്. പിണറായിക്ക് ഭരണ തുടര്‍ച്ച കിട്ടിയാല്‍ പിന്നെ കേരള ഭരണം കണി കാണാന്‍ കഴിയില്ലന്ന ഭയവും ലീഗ് നേതൃത്വത്തിനുണ്ട്. യു.ഡി.എഫ് മുന്നണി വിട്ടാല്‍, പോകാന്‍ ലീഗിന് വേറെ ഒരിടവുമില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ലീഗിനെ മുന്നണിയിലെടുക്കാന്‍ ഇടതുപക്ഷത്തെ സംബന്ധിച്ചും പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. പ്രത്യായ ശാസ്ത്രപരമായ വിയോജിപ്പാണത്. ഇത്തരമൊരു സാഹചര്യത്തില്‍ ലീഗിലെ പിളര്‍പ്പിനെയാകും സി.പി.എമ്മും പോത്സാഹിപ്പിക്കുക. പിളര്‍ന്ന് വരുന്ന വിഭാഗത്തെ മുന്നണിയില്‍ എടുക്കുകയോ അതല്ലങ്കില്‍ ഐ.എന്‍.എല്ലില്‍ ലയിപ്പിക്കാനോയുള്ള സാധ്യതയും കൂടുതലാണ്. ലീഗിന്റെ അടിത്തറ ഇളക്കാനാണ് ഇത്തരം നീക്കങ്ങളെല്ലാം വഴിവെക്കുക.
സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോവാതിരിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കാല് പിടിക്കേണ്ട ഗതികേടിലാണിപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വം.

മൃദു ഹിന്ദുത്വ നിലപാടില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ മാറണമെന്നും സെക്യുലര്‍ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇനിയും അതിന് അവര്‍ തയ്യാറായില്ലങ്കില്‍ കേരളത്തിലും യു.ഡി.എഫ് മുങ്ങുന്ന കപ്പലായി മാറുമെന്നാണ് മുസ്ലീം ലീഗ് നല്‍കുന്ന മുന്നറിയിപ്പ്.

Political Reporter

Top