ഡി കെ ശിവകുമാറിനെ കാണാന്‍ സോണിയാഗാന്ധി തീഹാര്‍ ജയിലില്‍ എത്തി

ന്യൂഡല്‍ഹി: റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദര്‍ശിച്ചു. അംബികാ സോണിയ്ക്കൊപ്പമാണ് ബുധനാഴ്ച രാവിലെ ഡി കെ ശിവകുമാറിനെ കാണാന്‍ സോണിയ തിഹാര്‍ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു.

ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെപ്റ്റംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയതായും സുരേഷ് കൂട്ടിച്ചേര്‍ത്തു.ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയില്‍ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി സുരേഷ് അറിയിച്ചു.

Top