സേനയുടെ സര്‍ക്കാര്‍ വരുമോ? താക്കോല്‍ സോണിയാ ഗാന്ധിയുടെ കൈകളില്‍

മുഖ്യമന്ത്രി കസേര കൊതിച്ച് ശിവസേന ഇതുവരെയില്ലാത്ത വിട്ടുവീഴ്ചകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ അമ്പരന്ന് ഇന്ത്യന്‍ രാഷ്ട്രീയം. ഹൈന്ദവ, മറാത്ത രാഷ്ട്രീയം പ്രസംഗിക്കുന്ന ശിവസേന സഖ്യകക്ഷിയായ ബിജെപിയെ ഉപേക്ഷിച്ച് എന്‍സിപിക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഒരുങ്ങുന്നത്. എന്നാല്‍ ശിവസേനയുടെ ഈ മോഹം സഫലമാകാന്‍ ഒരാളുടെ അനുമതി വേണം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ആ ഒരാള്‍.

ശിവസേന പിന്നില്‍ നിന്നും കുത്തിയതോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഇതോടെ കര്‍ണ്ണാടക മോഡല്‍ ഭരണത്തിലാണ് മഹാരാഷ്ട്രയില്‍ കളമൊരുങ്ങിയത്. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചതോടെ ഇതിനുള്ള വഴികള്‍ തേടി ഉദ്ധവ് താക്കറെ നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

കോണ്‍ഗ്രസും, ശിവസേനയും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇടനിലക്കാരന്റെ റോളില്‍ എന്‍സിപി മേധാവി ശരത് പവാറാണ്. കഴിഞ്ഞ ആഴ്ച തന്നെ ബിജെപിസേന സഖ്യത്തിലെ വിള്ളല്‍ തിരിച്ചറിഞ്ഞ പവാര്‍ ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം ജനങ്ങള്‍ വോട്ട് ചെയ്ത സഖ്യം തന്നെ സര്‍ക്കാര്‍ രൂപീകരിക്കണെന്നായിരുന്നു പവാറിന്റെ പ്രതികരണം.

170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേന കഴിഞ്ഞ ആഴ്ച പ്രഖ്യാപനം നടത്തിയത്. 56 അംഗങ്ങള്‍ മാത്രമുള്ള സേനയ്ക്ക് എന്‍സിപിയുടെ 54, കോണ്‍ഗ്രസിന്റെ 44 എന്നതിന് പുറമെ മറ്റ് ചില അംഗങ്ങളുടെയും പിന്തുണ കരസ്ഥമാക്കിയെന്നാണ് സൂചന. ശിവസേനയ്ക്ക് എതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം ഇവര്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഇതിനുള്ള ന്യായം വ്യക്തമാക്കുന്നതാണ് സോണിയാ ഗാന്ധിയെയും, ശരത് പവാറിനെയും ചിന്തിപ്പിക്കുന്നത്.

മറാത്ത കാര്‍ഡില്‍ എന്‍സിപി ഈ സഖ്യത്തെ ന്യായീകരിക്കുമെങ്കിലും മതേതരത്വം പറയുന്ന കോണ്‍ഗ്രസിന് ഇതില്‍ ബുദ്ധിമുട്ടുകളുണ്ട്. പാര്‍ട്ടി എംഎല്‍എമാരുടെ അഭിപ്രായം കേട്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ റിപ്പോര്‍ട്ട് സോണിയയ്ക്ക് നല്‍കും. ശിവസേനയ്‌ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച് തകര്‍ന്നാല്‍ പിന്നെ തെരഞ്ഞെടുപ്പ് നേരിടുന്നത് എങ്ങിനെയെന്ന് മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. ഉത്തരം ഒരാളെ മാത്രം ആശ്രയിച്ചാണ്, സോണിയ ഗാന്ധി ആ ഉത്തരം ഇന്ന് നല്‍കുമെന്നാണ് പ്രതീക്ഷ.

Top