സി.പി.എമ്മുമായി സഖ്യം ഉണ്ടായേ പറ്റൂ, സോണിയയും ഒടുവിൽ പച്ചക്കൊടി കാട്ടി !

ടതുപക്ഷമില്ലാതെ ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ് ബംഗാള്‍ സംസ്ഥാന നേതൃത്വം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി വാങ്ങിയിരിക്കുകയാണിപ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍. ബി.ജെ.പിക്കെതിരെ ഒന്നിച്ച് മത്സരിക്കണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ ആവശ്യത്തിന് തൊട്ട് പിന്നാലെയാണ് കോണ്‍ഗ്രസ്സ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

മമതയോടല്ല മമത വേണ്ടത് ഇടതുപക്ഷത്തോടാണ് വേണ്ടതെന്നാണ് ബംഗാള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ സൊമന്‍ മിത്രയുടെ നിലപാട്. ഇടതുപക്ഷം തയാറാണെങ്കില്‍ അവരുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും സോണിയ അനുമതി നല്‍കി കഴിഞ്ഞെന്നും മിത്ര പറയുന്നു. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ വികാരധീനനായാണ് ഈ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ സംസാരിച്ചിരുന്നത്.

ബംഗാളില്‍ ബി.ജെ.പിയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെങ്കില്‍ ഇടതുമായി സഖ്യം അനിവാര്യമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടന്നാണ് സൊമന്‍ മിത്ര സംസാരിച്ചത്. അതേസമയം ബി.ജെ.പി മുന്നേറ്റം തടയാന്‍ സകല അടവുകളും പയറ്റുന്ന മമതയും പ്രതിപക്ഷത്തെ കൂടെ കൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി ഇന്ത്യയുടെ ഭരണഘടന മാറ്റുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഈ നീക്കം.

എന്നാല്‍ മമതയാണ് ബംഗാളില്‍ ബി.ജെ.പിയുടെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് കാരണമെന്ന നിലപാടിലാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും. കമ്യൂണിസ്റ്റുകളെ കൊന്ന് തള്ളിയും അടിച്ചോടിച്ചും തൃണമൂല്‍ രാജ് നടപ്പാക്കിയ മമതയോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.പി.എം. കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗവും ഈ നിലപാടില്‍ തന്നെയാണ് ഉള്ളത്. അവര്‍ക്കും മമതയുടെ ആക്രമണ രാഷ്ട്രീയത്തോട് കൂട്ടുകൂടാന്‍ കഴിയില്ലെന്ന നിലപാടാണുള്ളത്.

ഈ സാഹചര്യത്തില്‍ ഇടത്- കോണ്‍ഗ്രസ്സ് സഖ്യമാണ് കോണ്‍ഗ്രസ്സ് നേതൃത്വം ആഗ്രഹിക്കുന്നത്. അത് കേവലം ധാരണയില്‍ ഒതുങ്ങരുതെന്നും പരസ്യമായ സഖ്യമാകണമെന്നതുമാണ് ആവശ്യം.എന്നാല്‍ കേരളത്തില്‍ പ്രധാന ശത്രു കോണ്‍ഗ്രസ്സ് ആയതിനാല്‍ ഇത്തരമൊരു സഖ്യത്തിന് പരസ്യമായി രംഗത്തിറങ്ങാന്‍ സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ചില ധാരണയ്ക്കപ്പുറം ഒരു സഖ്യത്തിനുള്ള സാധ്യത ഇപ്പോഴും ത്രിശങ്കുവിലാണ്. സി.പി.എം കേന്ദ്ര കമ്മറ്റി എടുക്കുന്ന നിലപാടായിരിക്കും ഇനി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

ഇടതു ഘടകകക്ഷികളായ ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിനൊപ്പമാണ്. അതിനാല്‍ ഈ രണ്ട് പാര്‍ട്ടികളെ സംബന്ധിച്ചും ബംഗാളില്‍ കോണ്‍ഗ്രസ്സ് സഖ്യത്തിന് മറ്റു തടസ്സങ്ങളില്ല.എന്നാല്‍ സി.പി.എമ്മിന്റെ സ്ഥിതി അതല്ല, പാര്‍ട്ടി നിലപാടുകളും കേരളത്തിലെ അവസ്ഥയും കൂടി അവര്‍ക്ക് പരിഗണിക്കേണ്ടി വരും. അതോടൊപ്പം തന്നെ ബംഗാളില്‍ ബി.ജെ.പിയെ തടയേണ്ടതിന്റെ ഉത്തരവാദിത്വവും ഏറെയാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി കേന്ദ്ര കമ്മറ്റി സ്വീകരിക്കുമെന്നാണ് ബംഗാള്‍ നേതൃത്വം പറയുന്നത്. അതേസമയം മമതയുടെ തൃണമൂലുമായി എന്ത് തന്നെയായാലും സി.പി.എം സന്ധി ചെയ്യുന്ന പ്രശ്നമില്ലന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2011 മുതല്‍ മമത ഭരണകൂടവും തൃണമൂല്‍ കോണ്‍ഗ്രസ്സും നടത്തിയ ആക്രമണങ്ങളില്‍ അനവധി സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നിരുന്നത്. ഐതിഹാസികമായ പോരാട്ടങ്ങളുടെ ചരിത്രമുള്ള ബംഗാളില്‍ ചെങ്കൊടി ഭരണം തിരിച്ചു കൊണ്ടുവരിക എന്നത് സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് നിലവില്‍ ജീവിത ലക്ഷ്യമാണ്. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവര്‍ ഇപ്പോഴും തയ്യാറാണ്.

മമത ഭരണത്തിന് കീഴില്‍ തെരുവില്‍ പിടഞ്ഞ് വീണത് നിരവധി സഖാക്കളാണ്. ക്യാമ്പസുകളില്‍ കയറി വിദ്യാര്‍ത്ഥി നേതാക്കളെ കൊലപ്പെടുത്തുന്ന തരത്തിലേക്ക് വരെ ഈ ഭീകരത മാറി. നിരവധി പേര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത് അവരുടെ ഓഫീസാക്കി മാറ്റുകയും ചെയ്തു. നെറികേടിന്റെയും പകപോക്കലിന്റെയും രാഷ്ട്രീയമാക്കിയാണ് ബംഗാള്‍ മണ്ണിനെ മമത ഉഴുതുമറിച്ചത്. ഇതിന് കാലം കരുതിവച്ച ഒരു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ മമത നേരിട്ടുകൊണ്ടിരിക്കുന്നത്.

വംഗനാട്ടിലെ വിപ്ലവ പോരാട്ടങ്ങള്‍ക്ക് എക്കാലത്തും തീ പടര്‍ത്തിയ ക്യാമ്പസുകള്‍ ഇന്നും മമത ഭരണകൂടത്തിന് ഒരു പേടി സ്വപ്നമാണ്. കോളജ് തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐ ആധിപത്യം നേടും എന്ന ഒറ്റ കാരണത്താല്‍ തെരഞ്ഞെടുപ്പ് തന്നെ ഇവിടങ്ങളില്‍ നടത്താറില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണ്. ബംഗാളില്‍ ശക്തമായി തിരിച്ചു വരാനുള്ള സൂചനയായി ഈ തെരഞ്ഞെടുപ്പ് മാറണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

മമത ഭരണകൂട ഭീകരതയില്‍ മനംമടുത്ത ജനങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെയും ഗൗരവമായാണ് സി.പി.എം നേതൃത്വം കാണുന്നത്. ബംഗാളിന്റെ മഹത്തായ സംസ്‌കാരത്തെ തന്നെ മാറ്റുന്നതിനുള്ള പ്രവര്‍ത്തികളാണ് മമത ഭരണകൂടവും ഇപ്പോള്‍ ബംഗാളില്‍ നടപ്പാക്കി വരുന്നത്. കാവി രാഷ്ട്രീയത്തിന് വേരുറപ്പിക്കാനുള്ള സാഹചര്യമായി ഈ നീക്കം മാറുന്നതില്‍ മത ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്. തീവ്ര മത- മൗലികവാദികളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനാണ് മമതയുടെ ശ്രമം. ഇതാണിപ്പോള്‍ ബി.ജെ.പിക്കും വളമാകുന്നത്.

ചുവപ്പിന് അടിപതറിയാല്‍ അവിടെ കാവി രാഷ്ട്രീയം മേധാവിത്വം ഉറപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം മത ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നാണ് ഇടതുപക്ഷ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റം മുന്‍നിര്‍ത്തിയാണ് ഈ മുന്നറിയിപ്പ്.

നിരവധി ഖുദ്ബുദ്ദീന്‍ അന്‍സാരിമാര്‍ക്ക് ജീവഭയം കൂടാതെ സൈ്വര്യമായി ജീവിക്കാന്‍ അഭയം നല്‍കിയത് ബംഗാളിലെ മുന്‍ ഇടതുപക്ഷ സര്‍ക്കാരായിരുന്നു.മത- മൗലികാവാദത്തിന്റെയും വര്‍ഗീയ ഭീകരവാദത്തിന്റെയും മരണവാറണ്ടുകള്‍ വേട്ടയാടിക്കൊണ്ടിരുന്ന നാളുകളില്‍ തസ്ലിമ നസ്‌റീന് അഭയമേകിയതും ഈ ചുവപ്പു സര്‍ക്കാര്‍ തന്നെയായിരുന്നു. എന്തിനധികം ജീവകാരുണ്യത്തിന്റെ മൂര്‍ത്തീമദ്ഭാവമായ മദര്‍ തെരേസയ്ക്ക് എത്രയോ പതിറ്റാണ്ടുകള്‍ സ്വസ്ഥമായി കഴിയാനും പ്രവര്‍ത്തിക്കാനും ചുവപ്പു പരവതാനി വിരിച്ചതും വംഗനാടാണ്.

മദര്‍ തെരേസയുടെ മിഷന്‍ ആസ്ഥാനത്തേക്ക് സഹോദരനെപ്പോലെ ഒരാള്‍ അക്കാലത്ത് കടന്നുചെല്ലുമായിരുന്നു. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ജ്യോതിബസു. ഇതാണ് വിപ്ലവ ബംഗാളിന്റെ മഹത്തായ ചരിത്രം.വര്‍ത്തമാന കാലഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ ബംഗാളില്‍ ഭീതിയിലാണ്.

കൊലപാതകങ്ങളും ആക്രമണങ്ങളും ഇവിടെ നിത്യ സംഭവമാണ്. ഗുണ്ടകള്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്. വര്‍ഗ്ഗീയ വാദികള്‍ പിടിമുറുക്കിക്കഴിഞ്ഞു. ക്രൗര്യം നിറഞ്ഞ ഈ മുഖത്തില്‍ നിന്നൊരു മാറ്റമാണ് ബംഗാളിലെ മതനിരപേക്ഷ മനസ്സുകള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതിന് തൃണമൂലിനും ബി.ജെ.പിക്കുമെതിരേ മഹാസഖ്യം വരണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. അത് നടന്നില്ലെങ്കില്‍ ബംഗാള്‍ കൂടുതല്‍ അപകടത്തിലേക്കാവും പോവുക. ഇടതുപക്ഷം ഭയപ്പെടുന്നതും അതു തന്നെയാണ്.

Political Reporter

Top