ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്: സഖ്യത്തിന് അനുമതി . . .

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയാണ് അനുമതി നല്‍കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് സഖ്യമുണ്ടാകുക. ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സൊമന്‍ മിത്ര കഴിഞ്ഞദിവസം സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യത്തിനുളള അനുമതി നല്‍കിയത്.

അതേസമയം, സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് സൂചന. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ ഇടക്കാല പ്രസഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു.

‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. ഇതുപരിഗണിച്ചാണ് ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബംഗാളിലെ ബിജെപിയുടെ വളര്‍ച്ച തടയേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും ഇതിന് ഇടതുപക്ഷവുമായുള്ള സഖ്യം അത്യാവശ്യമാണെന്നും സൊമിന്‍ മിത്ര കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഖരഗ്പുര്‍ സീറ്റ് ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഈ സീറ്റില്‍ ഒഴിവ് വന്നത്. മറ്റ് രണ്ട് സീറ്റുകളിലൊന്നായ കലിഗഞ്ച് സീറ്റ് കോണ്‍ഗ്രസ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഒഴിവ് വന്നത്.

മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും സഖ്യത്തിന് ഇടതുപക്ഷത്തെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മമതാ ബാനര്‍ജിക്കെതിരെ ആയിരിക്കുമെന്നും അതിനാല്‍ ബിജെപിയുടെ പേരുപറഞ്ഞ് അവരുമായി കൈകോര്‍ക്കാനാവില്ലെന്നുമാണ് സുമന്‍ മിത്ര വ്യക്തമാക്കിയിരിക്കുന്നത്‌.

Top