നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ 23ന് ഹാജരാകണം, ഇഡിയുടെ പുതിയ നോട്ടീസ്

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകണമെന്ന് കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകി. ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും തനിക്ക് ഹാജരാകാനാകില്ലെന്നും സോണിയ മറുപടി നൽകി. ഇതോടെയാണ് ഇ ഡി പുതിയ നോട്ടീസ് നൽകിയത്.

അതേ സമയം, രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്ന ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇഡി ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുൽ എത്തുക പ്രതിഷേധ മാർച്ചോടെയാകും എന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

Top