അതിഥി തൊഴിലാളികളുടെ മടക്കം; യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കും:സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുവാനുള്ള യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മാത്രം 151 കോടി രൂപ ചെലവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള ഈ അവഗണന അസഹനീയമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

ഒരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഈ ചെലവ് വഹിക്കുമെന്നും തൊഴിലാളികള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഈ അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് സോണിയ പറഞ്ഞു.

അതിഥി തൊഴിലാളികളെ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും റെയില്‍വേ മന്ത്രാലയത്തിനോടും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

Top