മഹാരാഷ്ട്ര പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് സോണിയാ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടികോര്‍ കമ്മറ്റിയുടെ അടിയന്തര യോഗം വിളിച്ചു. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, അംബികാ സോണി, മുകുള്‍ വാസ്നിക്ക് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

ആശയപരമായി ബി.ജെ.പിയോട് അടുത്തുനില്‍ക്കുന്ന ശിവസേനയുമായി ബന്ധം സ്ഥാപിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്നുച്ചയോടെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയേക്കും.

മഹാരാഷ്ട്രയിലേക്ക് രണ്ട് കേന്ദ്രനിരീക്ഷകരെ അയക്കാന്‍ ഹൈക്കമാന്‍ഡ് ഞായറാഴ്ച തീരുമാനിച്ചിരുന്നു. അഹമ്മദ് പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ അയക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞതോടെ നിരീക്ഷകരെ അയക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാര്‍ രാജസ്താനിലെ ജയ്പുറിലാണുള്ളത്.

Top