ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നേതാക്കളില്ല; മുതിര്‍ന്ന നേതാക്കള്‍ തോല്‍വി ഭയന്ന് മുങ്ങി!

ല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആഹ്വാനത്തിന് തണുപ്പന്‍ പ്രതികരണം. ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളാരും പാര്‍ട്ടി മേധാവിയുടെ ഉപദേശം കേട്ടമട്ട് കാണിക്കുന്നില്ല.

‘പാര്‍ട്ടിക്ക് വേണ്ടി മുന്നിട്ടിറങ്ങി പോരാടാന്‍ തയ്യാറാകണം. പാര്‍ട്ടിക്ക് നിങ്ങളെ ആവശ്യമുണ്ട്. മത്സരിച്ച് തോറ്റാലും അത് കറുത്ത അക്ഷരത്തിലാകില്ല എഴുതുക. ഇത് പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്നതാണ്’, സോണിയ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് ദിവസം കഴിയുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ മുങ്ങി നടക്കുകയാണ്. മുന്‍ എംപി അജയ് മാക്കന്‍ വിദേശത്തേക്കും പറന്നു.

വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് അജയ് മാക്കന്‍ അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസമായി ജനങ്ങളുമായി അടുത്ത് ഇടപഴകുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അന്തിമതീരുമാനം ഉടന്‍ അറിയിക്കാമെന്നും സോണിയയെ അറിയിച്ചാണ് മാക്കന്‍ മുങ്ങിയത്. ഫെബ്രുവരി 8നാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടാണോ മാക്കന്റെ വിദേശയാത്രയെന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ് പ്രകടനപത്രിക കമ്മിറ്റി ഇന്‍ചാര്‍ജ്ജാണ് അജയ് മാക്കനെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയും, മുന്‍ എംഎല്‍യുമായ നസീബ് സിംഗും തെരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കി. മറ്റൊരു നേതാവ് മഹാബല്‍ മിശ്രയെ സോണിയാ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ദിവസം ഇദ്ദേഹത്തിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഈ ചര്‍ച്ചയും പൊളിഞ്ഞു.

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നേതാക്കളില്ലാത്ത അവസ്ഥയില്‍ കോണ്‍ഗ്രസിന് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒന്നും കാണിക്കാനില്ല, അല്ലെങ്കിലും എന്തെങ്കിലും അത്ഭുതം സംഭവിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ!

Top