ഇടത് പാര്‍ട്ടികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കൂ; ബംഗാളിലെ കോണ്‍ഗ്രസിന് സോണിയയുടെ നിര്‍ദേശം

soniya gandhi

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളോട് ഇടത് പാര്‍ട്ടികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ച് സോണിയാ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.2016ലെനിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം സംസ്ഥാനത്ത് നിലനിന്നിരുന്നെങ്കില്‍ ബംഗാളില്‍ ബി.ജെ.പിക്ക് വളരാന്‍ കഴിയില്ലായിരുന്നെന്ന് സോണിയ തന്നോട് പറഞ്ഞതായി അബ്ദുള്‍ മന്നാന്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അബ്ദുള്‍ മന്നാന്‍ വ്യാഴാഴ്ച സോണിയ ഗാന്ധിയെ രണ്ടു തവണ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് സോണിയയോട് അദ്ദേഹംവിവരിച്ചു. ബി.ജെ.പി വലിയ വളര്‍ച്ച നേടുന്ന ബംഗാളില്‍ കോണ്‍ഗ്രസിന് താഴേക്കിടയില്‍ ശക്തി നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് ഇടത്പക്ഷവുമായി യോജിച്ച പ്രക്ഷോഭങ്ങള്‍ നടത്താനുള്ള സോണിയയുടെ തീരുമാനത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, വരാനിരിക്കുന്ന മൂന്ന് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കാര്യം സംബന്ധിച്ച് സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഇടതുപക്ഷവും മത്സരിക്കാനാണ് ധാരണയിലെത്തിയത്.

നേരത്തെ ആഗസ്റ്റ് മാസം നടന്ന യോഗത്തില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം രൂപീകരിക്കാന്‍ ബംഗാള്‍ പി.സി.സി പ്രസിഡന്റ് സുമന്‍ മിത്രയ്ക്ക് സോണിയ അനുവാദം നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

Top