പാര്‍ലമെന്റ്‌ ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന്‌ സോണിയാ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് മോദി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സോണിയാ ഗാന്ധി.

ഇന്ത്യയുടെ പാര്‍ലമെന്റ് ജനാധിപത്യത്തിനു മേല്‍ കരി നിഴലാണു മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തക സമിതിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ജിഎസ്ടി നടപ്പാക്കുന്നതില്‍ വന്ന പാകപ്പിഴകള്‍ ഇന്ത്യയുടെ നികുതി സമ്പ്രദായത്തെ പ്രതികൂലമായി ബാധിച്ചെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണു നടത്തപ്പെടുന്നത്.

എന്നാല്‍, ഇതുവരെ ശീതകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

മാത്രമല്ല, സമ്മേളനം 10 ദിവസത്തേക്കു ചുരുക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ എടുക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ രണ്ടാം ആഴ്ച മുതല്‍ സമ്മേളനം ആരംഭിക്കുമെന്നാണു വിവരം.

അതേസമയം, ആധുനിക ഇന്ത്യയുടെ ചരിത്രം ‘നിര്‍ബന്ധപൂര്‍വം’ മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.

Top