പ്രിയദര്‍ശന്റെ ‘ഹംഗാമ 2’ലെ ഗാനം പുറത്തിറങ്ങി

പ്രിയദര്‍ശന്‍ എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഹംഗാമ 2’. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ‘ഹംഗാമ ഹോ ഗയാ’ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മിക സിംഗ്, അന്‍മോള്‍ മാലിക്, അനു മാലിക് എന്നിവര്‍ ചേര്‍ന്നാണ്.

കൊവിഡ് ആദ്യതരംഗം എത്തുന്നതിനു മുന്‍പുതന്നെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 23നാണ് റിലീസ്. 2003ല്‍ പ്രിയദര്‍ശന്റെ തന്നെ സംവിധാനത്തില്‍ പുറത്തെത്തിയ ‘ഹംഗാമ’യുടെ തുടര്‍ച്ചയാണ് ഹംഗാമ 2. 1984ല്‍ താന്‍ മലയാളത്തില്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയാണ് ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ 2003ല്‍ ഹിന്ദിയില്‍ പുന:സൃഷ്ടിച്ചത്.

പരേഷ് റാവല്‍, ഷോമ ആനന്ദ്, അക്ഷയ് ഖന്ന, അഫ്താബ് ശിവ്ദസാനി, റിമി സെന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ‘പഴയ ചിത്രത്തിന്റെ (ഹംഗാമ) വിഷയം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയായിരുന്നു. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും വിഷയം. പക്ഷേ കഥ വ്യത്യസ്തമാണ്’, പ്രിയന്‍ പറഞ്ഞിരുന്നു. അതേസമയം ‘ഹംഗാമ 2’ന്റെ പ്രചോദനം പ്രിയദര്‍ശന്റെ തന്നെ ‘മിന്നാര’മാണ്.

 

Top