മഞ്ജു വാര്യറുടെ ഷൂട്ടിങില്‍ മുഴുകിപ്പോയി; ട്രഷറിയില്‍ കൊണ്ടുവിട്ട അമ്മയെ മറന്ന് മകന്‍

മ്മയെ പെന്‍ഷന്‍ കാര്യത്തിന് ട്രഷറിയില്‍ എത്തിച്ച് പിന്നീട് മഞ്ജു വാര്യറുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയ മകന്‍ അമ്മയെ മറന്നു. മഞ്ജുവിന്റെ ഷൂട്ടിങില്‍ മുഴുകിപ്പോയതാണ് കാരണം. കൂടെ വന്ന മകനെ കാണാതെ മണിക്കൂറോളം അലഞ്ഞു അമ്മ വലഞ്ഞു.

ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് വിളവൂര്‍ക്കല്‍ സ്വദേശിനിയും മകനും മലയിന്‍കീഴ് ട്രഷറിയില്‍ വന്നത്. തിരക്കു കാരണം മകന്‍ അകത്തേക്കു കയറിയില്ല. ആവശ്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങിയ അമ്മ, മകനെ കണ്ടില്ല. കൈയില്‍ മൊബൈല്‍ ഫോണും ഇല്ലായിരുന്നു.

ഏറെ നേരം കാത്തിരുന്നെങ്കിലും മകന്‍ വന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓര്‍ത്തെടുക്കാനും സാധിച്ചില്ല.

വഴിയരികില്‍ നിറഞ്ഞ കണ്ണുകളുമായി വീട്ടമ്മയെ കണ്ട സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പൊലീസ് മകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. അപ്പോഴാണ് മകന്‍ ട്രഷറിയുടെ സമീപമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജുവിന്റെ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പൊലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി ഗുണദോഷിച്ച് കൂടെ പറഞ്ഞു വിട്ടു.

Top