81 കുട്ടികള്‍ക്ക് ഒരു ബക്കറ്റ് വെളളത്തില്‍ ഒരു ലിറ്റര്‍ പാല്‍; ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട്‌

സോന്‍ഭദ്ര: യുപിയിലെ സ്‌കൂളുകളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയകളില്‍ വീഡിയോ ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ സര്‍ക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയെ ചോദ്യം ചെയ്യുന്നതാണ്‌.

ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് പ്രൈമറി സ്‌കൂളിലെ 81 കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതാണ് വീഡിയോ. യു.പിയിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളില്‍ ഒന്നായ സോന്‍ഭദ്രയിലെ കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് പോലും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണെന്ന് അവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു പഞ്ചായത്തംഗം ചിത്രീകരിച്ച ഈ ദയനീയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഭക്ഷണം തയ്യാറാക്കുന്ന സ്ത്രീ വലിയ അലുമിനിയം പാത്രത്തില്‍ ഒരു ലിറ്റര്‍ പാല്‍ ചേര്‍ത്ത് ഇളക്കി തിളപ്പിച്ച ശേഷം കുട്ടികള്‍ക്ക് സ്റ്റീല്‍ ഗ്ലാസ്സുകളില്‍ പകര്‍ത്തി നല്‍കുന്നതാണ് വീഡിയോയിലുള്ളത്.

സ്‌കൂളില്‍ മൊത്തം 171 വിദ്യാര്‍ത്ഥികളാണ് ഉള്ളത്.ഇതില്‍ 81 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പാല്‍ വെള്ളം നല്‍കുന്നത്.

സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ വ്യാപക ക്രമക്കേട് നേരത്തെ മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്ന് അതിനെതിരെ കേസെടുത്തെങ്കിലും വീണ്ടും ഈ അതിക്രമം തുടരുകയാണെന്ന് ഈ വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നു.

അതിന് ശേഷം കൂടുതല്‍ പാല്‍ എത്തിച്ച് വിതരണം ചെയ്‌തെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പായ്ക്കറ്റ് പാല്‍ പാചകക്കാരിക്ക് നല്‍കിയിരുന്നു എന്ന് അധ്യാപകന്‍ പറയുമ്പോഴും ഒരു പായ്ക്കറ്റ് പാല്‍ മാത്രമാണ് തനിക്ക് നല്‍കിയതെന്ന് പാചകക്കാരി പറയുന്നു. കൃത്യമായ അളവില്‍ പാല്‍ നല്‍കാത്തതിനെതിരെ അധികാരികള്‍ അന്വേഷിച്ച് വരികയാണ്.

https://www.youtube.com/watch?v=q_U536LzMGU

Top