സമരം ഫലം കണ്ടു; സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കണ്ടു

ന്യൂഡല്‍ഹി: സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രിയങ്കയെ കണ്ടത്. ഇതോടെ പ്രിയങ്ക 24 മണിക്കൂറായി നടത്തി വന്ന കുത്തിയിരുപ്പ് സമരത്തിന് ഫലം കണ്ടു.

അതേസമയം, ബന്ധുക്കള്‍ക്ക് പ്രിയങ്കയെ കാണാന്‍ അധികനേരം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ പ്രിയങ്ക ഉറച്ചുനിന്നതോടെയാണ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്കു തയാറായത്. പത്തുപേര്‍ വെടിയേറ്റ് മരിച്ച സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. പൊലീസ് തടഞ്ഞതിനേത്തുടര്‍ന്ന് മിര്‍സാപുര്‍ ഗസ്റ്റ് ഹൗസിലാണ് വെള്ളിയാഴ്ച രാത്രിയില്‍ പ്രിയങ്ക തങ്ങിയത്.

ഗസ്റ്റ്ഹൗസിലെ വൈദ്യുതിബന്ധം അധികൃതര്‍ വിഛേദിക്കുകയും ചെയ്തു. ഇതോടെ പ്രിയങ്ക രാത്രിമുഴുവന്‍ കഴിച്ചുകൂട്ടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ മെഴുകുതിരിവെട്ടത്തിലാണ്. രാത്രി മൊബൈല്‍ ഫോണ്‍ ലൈറ്റിന്റെ വെട്ടത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കാനും പ്രിയങ്ക സമയം കണ്ടെത്തി.

Top