വനിതാ ഗുസ്തി 62 കിലോഗ്രാം വിഭാഗത്തില്‍ സോനം മാലിക്കിന് വെങ്കലം

ഹാങ്ചോ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടം 90 കടന്ന് ഇന്ത്യ. ഗുസ്തിയില്‍ വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ സോനം മാലിക് വെങ്കലം സ്വന്തമാക്കി. ലോക ചാമ്പ്യനായ ചൈനയുടെ ജിയ ലോങ്ങിനെ 6-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം.

വനിതകളുടെ സെപക്തക്രോയില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈയിനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റണില്‍ മലയാളി താരം എച്ച് എസ് പ്രണോയിയാണ് ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്തത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 91 ആയി. 21 സ്വര്‍ണവും 33 വെള്ളിയും 37 വെങ്കലവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.

ഗെയിംസിന്റെ 13-ാം ദിനം ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം വെള്ളിയും വനിതാ ടീം വെങ്കലവും സ്വന്തമാക്കിയിരുന്നു. അത്തനു ദാസ്, തുഷാര്‍ ഷെല്‍കെ, ധിരജ് ബൊമ്മദേവര എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്.

 

Top