സോണാലി ഫൊഗാട്ടിന്റെ മരണം: പരാതിയില്‍ ഗുരുതര ആരോപണങ്ങളുമായി ഫൊഗാട്ടിന്റെ സഹോദരൻ

ഡല്‍ഹി: ഹരിയാനയിലെ ബി.ജെ.പി നേതാവ് സോണാലി ഫൊഗാട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹോദരന്‍ റിങ്കു ഡാക്കെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. സോണാലിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബലാത്സംഗം അടക്കമുള്ളവ സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യം പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ റിങ്കു ഉന്നയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സോണാലിയുടെ സുഹൃത്ത് പി.എ സുധീര്‍ സാങ്‌വാന്‍, അയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ എന്നിവര്‍ക്കെതിരെയാണ് സോണാലിയുടെ സഹോദരന്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

രാഷ്ട്രീയ ഗൂഢാലോചനയടക്കം മരണത്തിന് പിന്നിലുണ്ടാകാം എന്നാണ് ആരോപണം. സാങ്‌വാനും സുഖ്‌വിന്ദറും ചേര്‍ന്ന് കുറേനാളായി സോണാലിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ ആരോപിക്കുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി അവര്‍ ചില വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് എന്നും പരാതിയില്‍ പറയുന്നുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. സുധീര്‍ സാങ്‌വാന്‍ സോണാലിയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്.

സോണാലിയുടെ രാഷ്ട്രീയ ജീവിതവും സിനിമാ ജീവിതവും അവസാനിപ്പിക്കുമെന്ന് സുധീര്‍ ഭീഷണി മുഴക്കിയിരുന്നെന്നും റിങ്കു ആരോപിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് സോണാലി അസ്വസ്ഥയായി അമ്മയേയും സഹോദരിയേയും സഹോദരീഭര്‍ത്താവിനെയും വിളിച്ചിരുന്നുവെന്നും ഒപ്പമുള്ളവരെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും സഹോദരന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമാ ചിത്രീകരണം ഒന്നും ഇല്ലാതിരിക്കെ സോണാലി ഗോവയില്‍ എത്തിയതിനെപ്പറ്റിയും സഹോദരന്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സൊണാലിയെ കൊലപ്പെടുത്തിയെന്നാണ് സഹോദരന്റെ ആരോപണം. കൊലയ്ക്കുശേഷം സോണാലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്നും ഫോണിന് ഒരു തകരാറും ഇല്ലായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിട്ടുണ്ട്.

Top