പ്രശസ്ത ബോളിവുഡ് നടി സൊനാലി ബെന്ദ്രെക്ക് അര്‍ബുദം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ‘ഹം സാത് സാത് ഹൈന്‍’, സര്‍ഫറോഷ്, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രശസ്ത ബോളിവുഡ് നടി സൊനാലി ബെന്ദ്രെക്ക് അര്‍ബുദം. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്ന് സൊനാലി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.

തന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്നും താന്‍ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്നും സൊനാലി പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഓരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു. ഈ യുദ്ധത്തില്‍ പോരാട്ടത്തിലേര്‍പ്പെട്ട താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും സൊനാലി വ്യക്തമാക്കി.

Top