നീന്തൽ മത്സരത്തിൽ മകൻ ഇന്ത്യയ്ക്കായി അഞ്ച് സ്വർണം നേടി; അഭിമാനമെന്ന് മാധവൻ

ച്ഛന്റെ പാതയിൽ നിന്നും വിട്ടുമാറി സ്പോർട്സിനോട് താല്പര്യം പുലർത്തുന്ന ആളാണ് നടൻ മാധവന്റെ മകൻ വേദാന്ത്. ഇതിനോടകം ദേശീയ തലത്തിൽ ഉൾപ്പടെയുള്ള നീന്തൽ മത്സരങ്ങൾക്ക് വേണ്ടി വേദാന്ത് വാരിക്കൂട്ടിയത് നിരവധി മെഡലുകളാണ്. ഇതിന്റെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മകന്റെ പുതിയ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് മാധവൻ.

മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ നീന്തലിൽ വേദാന്ത് അഞ്ച് സ്വർണമാണ് നേടിയത്. അഭിമാന നിമിഷത്തെ കുറിച്ച് മാധവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘ദൈവ അനുഗ്രഹത്തോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തിൽ ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) നേടാനായി. ഞാൻ ആഹ്ളാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു,’, എന്നാണ് മാധവൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വേദാന്തിനെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

48-ാമത് ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിൽ റെക്കോർഡ് നേട്ടമായിരുന്നു നേരത്തെ വേദാന്ത് നേടിയത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് വേദാന്ത് തകർത്തത്.

2021ൽ നടന്ന ഏഷ്യൻ എയ്ജ് ഗൂപ്പ് ചാമ്പ്യൻഷിപ്പിലെ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും വേദാന്ത് പങ്കാളിയായിരുന്നു. ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി വേദാന്ത് താരമായി മാറിയിരുന്നു. മുൻപ് തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.

Top