മകനെ വിഷം കുത്തിവെച്ച് കൊന്നു; അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

സേലം: എടപ്പാടിക്കടുത്ത് മകനെ വിഷം കുത്തിവച്ച് കൊന്ന കേസില്‍ അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരന്‍ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44), കൊങ്കണാപുരത്തിലെ ലാബ് ടെക്‌നീഷ്യന്‍ വെങ്കടേഷ് (39), കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്.

പെരിയസ്വാമിയുടെ ഇളയമകന്‍ വണ്ണത്തമിഴിന് (14) അര്‍ബുദം ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കളിക്കുന്നതിനിടയില്‍ താഴെവീണ വണ്ണത്തമിഴിന്റെ കാലില്‍ മുറിവേറ്റു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും അര്‍ബുദം കാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയില്‍ നിന്ന് വീട്ടില്‍വന്ന മകന്‍ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. മകന്‍ വളരെയധികം മെലിയുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് മകനെ വിഷംകുത്തിവെച്ച് കൊല്ലാന്‍ പെരിയസ്വാമി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. വെങ്കടേഷ്, പ്രഭു എന്നിവരുടെ സഹായത്തോടെ മകന്റെ ഞരമ്പില്‍ വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്. സംഭവമറിഞ്ഞ ശങ്കഗിരി ഡെപ്യൂട്ടി കമ്മിഷണര്‍ നല്ലശിവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് മൃതദേഹം കൈപ്പറ്റി പോസ്റ്റ്‌മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്കയച്ചു.

ഇതിനിടെ പെരിയസ്വാമി, പ്രഭു എന്നിവര്‍ കച്ചുപ്പള്ളി വില്ലേജ് ഓഫീസില്‍ കീഴടങ്ങി. കൊങ്കണാപുരം പൊലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് വേങ്കടേഷിനെയും അറസ്റ്റ് ചെയ്തു.

 

Top