ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ തന്നെയുണ്ടെന്ന് മരുമകൻ; വീണ്ടും വിവാഹം കഴിച്ചു

ദില്ലി: അധോലോക നായകനും 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിന് ഫണ്ട് നൽകിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവനാണ് വിവരങ്ങൾ വെളിപ്പെടുത്തി‌യതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം പാർക്കറാണ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയത്. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നത്. ദാവൂദ് രണ്ടാമതും വിവാഹിതനായെന്നും ഇയാൾ വെളിപ്പെടുത്തി. രണ്ടാം ഭാര്യ പാക് പത്താൻ വിഭാഗമാണ്. ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്‌ജബീനുമായി വിവാഹമോചനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഭാര്യക്ക് മുംബൈയിലെ ബന്ധുക്കളുമായി ബന്ധമുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതായി കാണിക്കുന്ന രേഖകൾ തെറ്റാണെന്നും ഇയാൾ പറഞ്ഞു. താൻ ദാവൂദിന്റെ ആദ്യ ഭാര്യയെ കഴിഞ്ഞ വർഷം ജൂലൈയിൽ ദുബായിൽ വച്ചാണ് അവസാനമായി കണ്ടത്. അവർ വിശേഷ ദിവസങ്ങളിൽ തന്റ ഭാര്യയുമായി ഫോണിൽ സംസാരിക്കാറുണ്ട്. അവർ വാട്‌സ്ആപ്പ് കോളുകൾ വഴി ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും അലിഷാ ഇബ്രാഹിം പാർക്കറുടെ പ്രസ്താവനയിൽ പറയുന്നു.

ആഗോള തീവ്രവാദ ശൃംഖലയുടെ നേതാവും രാജ്യാന്തര സംഘടിത കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷം ഭീകരവിരുദ്ധ അന്വേഷണ ഏജൻസി മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡി-കമ്പനിയിലെ മുംബൈ സ്വദേശികളായ മൂന്ന് അംഗങ്ങളെ 2022 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു.

ഇന്ത്യയിലെ ‘ഡി-കമ്പനി’യുടെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിം ഹവാല മാർ​ഗത്തിലൂടെ വൻതുക അയച്ചതായി എൻഐഎ ആരോപിച്ചു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരവാദം വളർത്തുന്നതിനായി പ്രതികൾക്ക് പണം ലഭിച്ചതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.

Top