Somnath Chatterjee supprorted VS Achuthanandan

കൊല്‍ക്കത്ത: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരിക്കണം പാര്‍ട്ടിയുടെ നായകനെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കണമെന്നും കൊല്‍ക്കത്തയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ചാറ്റര്‍ജി പറഞ്ഞു.

ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന സി.പി.എം നേതാവായ ഇദ്ദേഹം ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതും സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നതുമായും ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായി പിണങ്ങി പാര്‍ട്ടിയില്‍നിന്ന് അകലുകയായിരുന്നു.

ഇടതുപക്ഷം നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പുകളില്‍ ജയിക്കണം. കേരളത്തില്‍ വി.എസിനെ മുന്നില്‍ നിര്‍ത്തിയാല്‍ അതിന് സാധിക്കും. വി.എസിനെപ്പോലെ പ്രതിജ്ഞാബദ്ധരായ നേതാക്കള്‍ ജനങ്ങളില്‍ ആവേശം നിറക്കും. പ്രായം വി.എസിനെ സംബന്ധിച്ച് പ്രശ്‌നമാക്കേണ്ട കാര്യമല്ല. ബംഗാളില്‍ തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് ബന്ധം അനിവാര്യമാണ്. സി.പി.എം ഉറച്ച തീരുമാനമെടുത്താല്‍ മറ്റ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത് അംഗീകരിക്കേണ്ടിവരും.

കേരളത്തില്‍ മുഖ്യമന്ത്രി ആരാകണമെന്ന് അവിടുത്തെ പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ സോമനാഥ് ബംഗാളില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് അഭിപ്രായപ്പെട്ടു. ബംഗാള്‍ ഘടകം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാണുന്ന വൃന്ദ കാരാട്ട് മികച്ച സ്ഥാനാര്‍ഥിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം മുന്‍കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് സോമനാഥ് ചാറ്റര്‍ജി.

Top