somnadh bharathi statement

ന്യൂഡല്‍ഹി: മാദ്ധ്യമങ്ങളെ കൈയ്യിലെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ ഉപയോഗിക്കുന്നുവെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് എ.എ.പി.

ഇക്കാര്യത്തില്‍ ജെയ്റ്റ്‌ലി സ്വന്തം പാര്‍ട്ടിയുടെ നടപടികളിലേക്ക് ഒന്നു നോക്കണമെന്നാണ് എ.എ.പി പ്രതികരിച്ചത്.

ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഹരിയാന സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, മധ്യപ്രദേശ് സര്‍ക്കാര്‍, ഛത്തിസ്ഗഡ് സര്‍ക്കാര്‍ എന്നിവയുടെ പരസ്യങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു എന്നാണ് ജെയ്റ്റ്‌ലിയോട് ചോദിക്കാനുള്ളത് എന്ന് എ.എ.പി നേതാവ് സോമനാഥ് ഭാരതി പ്രതികരിച്ചു.

അദ്ദേഹം ആദ്യം സ്വന്തം പാര്‍ട്ടിയുടെ നടപടികളിലേക്ക് ഒന്നു നോക്കണം. ഞങ്ങളുടെ സര്‍ക്കാരന് ക്ഷീണമുണ്ടാക്കാന്‍ അവര്‍ക്ക് എന്തും ചെയ്യാമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ജെയ്റ്റിലിക്ക് എതിരെ ആഞ്ഞടിച്ചുകൊണ്ട് മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ഉപയോഗിച്ച 2000 കോടിയെ കുറിച്ച് വിശദീകരണവും അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ എ.എ.പി സര്‍ക്കാരിന്റെ നടപടികള്‍ സാധാരണമാണെന്നും ഭാരതി പറഞ്ഞു.

ഞങ്ങളെ ചോദ്യം ചെയ്യുന്നതിനു മുമ്പ് മറ്റുള്ള സംസ്ഥാനങ്ങളില്‍ സ്വന്തം പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജെയ്റ്റ്‌ലി ശ്രദ്ധിക്കണം. ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭാരതി പറഞ്ഞു.

മാദ്ധ്യമങ്ങളെ സ്വാധീനിക്കന്‍ ഡല്‍ഹി എ.എ.പി സര്‍ക്കാര്‍ പരസ്യ ഫണ്ടുകള്‍ ഉപയോഗിക്കുന്നതായി ജെയ്റ്റ്‌ലി വിമര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എ.എ.പി സര്‍ക്കാരിനെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കുകയും വിമര്‍ശിക്കുന്നവര്‍ക്കും നല്‍കാതിരിക്കുകയുമാണ് എ.എ.പി ചെയ്യുന്നത് എന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.

Top