വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാവാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

liga

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടേത് കൊലപാതകമാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിഗയുടെ ശരീരത്തില്‍ മൂന്ന് ആഴമേറിയ മുറിവുകള്‍ ഉണ്ടെന്നും കഴുത്തിലും കാലുകളിലുമുള്ള ഈ മുറിവ് ആക്രമണം പ്രതിരോധിക്കുമ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാട്ടുവള്ളി പോലുള്ള സാധനം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ലിഗയെ കൊന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ പൊലീസിന് കൈമാറും.

മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കഴുത്തില്‍ വരിഞ്ഞ് മുറുക്കാനുപയോഗിച്ചതെന്ന് കരുതുന്ന കാട്ടുവള്ളി കഷണം ചുറ്റുപിണഞ്ഞ നിലയിലും, ലിഗയുടേതല്ലാത്ത മുടിയിഴകളും കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് വച്ചുതന്നെയാണ് കൊല നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ലിഗ ധരിച്ചിരുന്ന ഓവര്‍കോട്ട് കോവളത്ത് നിന്ന് വാങ്ങിയതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. വാങ്ങിയതല്ലെങ്കില്‍ ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്ന സംഘം അവരിലൊരാളുടെ കോട്ട് ലിഗയ്ക്ക് കൈമാറിയതാകാനാണ് സാധ്യതയെന്നും പൊലീസ് സൂചിപ്പിച്ചു. കോട്ട് വിശദമായി പരിശോധിക്കുന്നതിലൂടെ ശരീര സ്രവങ്ങളോ ഉമിനീരോ മറ്റ് എന്തെങ്കിലും അവശിഷ്ടങ്ങളോ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് കൊലയാളിയെ കുരുക്കാനുളള ശക്തമായ തെളിവാകുമെന്നും പൊലീസ് പ്രതിക്ഷിക്കുന്നു.

Top