ചെന്നിത്തലക്ക് പകരം മറ്റൊരാള്‍ ? നേതൃമാറ്റം പരിഗണിച്ചില്ലെങ്കില്‍ ‘പാളും’

ദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി യു.ഡി.എഫ് സംവിധാനത്തെ തന്നെയാണിപ്പോള്‍ ഉലച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പൊടി പോലും കാണില്ലെന്ന വികാരമാണ് മുന്നണിയില്‍ ഇപ്പോഴുള്ളത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം ശക്തമാണ്. ഇരുവരെയും ചുമതലകളില്‍ നിന്നും മാറ്റണമെന്ന് ചില കോണ്‍ഗ്രസ്സ് എം.പിമാര്‍ തന്നെ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ‘സെമി ഫൈനലില്‍’ തകര്‍പ്പന്‍ വിജയം നേടിയ ഇടതുപക്ഷം ഫൈനലിലും വിജയിക്കുമെന്ന ഭീതിയിലാണ് യു.ഡി.എഫ് നേതൃത്വം.

പിണറായി സര്‍ക്കാറിന് ഒരവസരം കൂടി ലഭിച്ചാല്‍ അകത്ത് പോയി കിടക്കേണ്ടി വരുമെന്നാണ് മുതിര്‍ന്ന നേതാക്കളോട് എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ രണ്ട് ലീഗ് എം.എല്‍.എമാര്‍ ജയിലിലാണ്. മറ്റൊരു ലീഗ് എം.എല്‍.എക്ക് കൂടി കുരുക്ക് മുറുകി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് ചെന്നിത്തലയും നിലവില്‍ ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇതിന് പുറമെ കോണ്‍ഗ്രസ്സ് നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാരും അന്വേഷണ നിഴലിലാണ്. ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെ ഇവര്‍ക്കെതിരെയും അന്വേഷണം നടക്കും. അതല്ലങ്കെില്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ തേടാനാണ് സാധ്യത. പ്രതിപക്ഷത്തോട് കൂടുതല്‍ കടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനം. അത് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.

കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി പ്രതിപക്ഷം നടത്തിയ ആക്രമണമാണ് സര്‍ക്കാറിനെ നിലവില്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് യു.ഡി.എഫ് നേതൃത്വവും നേരിടാന്‍ പോകുന്നത്. എന്ത് വില കൊടുത്തും നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കേണ്ടത് യു.ഡി.എഫ് സംവിധാനത്തിന്റെ മാത്രമല്ല നേതാക്കളുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ബി.ജെ.പി ഉണ്ടാക്കിയ ചെറിയ നേട്ടം പോലും യു.ഡി.എഫ് വോട്ട് ബാങ്കിനെയാണ് ബാധിച്ചതെന്ന വിലയിരുത്തലും യു.ഡി.എഫ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്നതാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അത് ഇടതുപക്ഷത്തിനാണ് കാര്യങ്ങള്‍ എളുപ്പമാകുക. ബി.ജെ.പിയും കേന്ദ്ര ഏജന്‍സികളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കുക വഴി ചെന്നിത്തല ബി.ജെ.പിയുടെ ‘ബി’ടീം ആണെന്ന തോന്നല്‍ വോട്ടര്‍മാര്‍ക്ക് ഉണ്ടാക്കാനും ഇടതുപക്ഷത്തിന് എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്.

ഇതും യു.ഡി.എഫ് വോട്ട് ബാങ്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം വോട്ടെടുപ്പ് കഴിയും വരെ വിവാദമായി നിന്നതും യു.ഡി.എഫിന് തിരിച്ചടിയായാണ് മാറിയിരിക്കുന്നത്. ലീഗ് ‘നില’ ഏകദേശം ഭദ്രമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിനാണ് ഈ വിവാദവും നഷ്ട കച്ചവടമായിരിക്കുന്നത്. നിലവില്‍ 90 നിയമസഭ സീറ്റുകളിലാണ് കണക്കുകള്‍ പ്രകാരം ഇടതുപക്ഷം മുന്നിട്ട് നില്‍ക്കുന്നത്. പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്കുള്ള സാധ്യത തുറന്നു കാട്ടുന്ന കണക്കുകള്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയമാണ് വോട്ടര്‍മാര്‍ മുഖവിലക്കെടുക്കുക എന്ന വാദവും ഇനി വിലപ്പോവുകയില്ല. കാരണം യു.ഡി.എഫും ബി.ജെ.പിയും പ്രചരണത്തില്‍ വ്യാപകമായി ഉയര്‍ത്തിയത് സംസ്ഥാന വിഷയങ്ങള്‍ മാത്രമാണ്. മറ്റൊന്നും തന്നെ അവര്‍ക്ക് പറയാനുണ്ടായിരുന്നില്ല.

സര്‍ക്കാറിനും സി.പി.എമ്മിനും എതിരായ വിവാദങ്ങളാണ് പ്രധാനമായും ഇരു വിഭാഗവും പ്രചരണമാക്കിയിരുന്നത്. ഇതിനപ്പുറം ഇനി കൂടുതലായി ഒന്നും തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ കഴിയുകയില്ല. ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. നല്ലൊരു നായകന്റെ അഭാവമാണ് യു.ഡി.എഫ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയനോട് ഏറ്റുമുട്ടാനുള്ള ശേഷി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഇല്ല. ഇക്കാര്യം ഇതിനകം തന്നെ വ്യക്തമായും കഴിഞ്ഞു. സ്വന്തം വാര്‍ഡില്‍ പോലും യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ കഴിയാത്ത വ്യക്തി എങ്ങനെ നിയമസഭ തിരഞ്ഞെടുപ്പില്‍ നയിക്കും എന്ന ചോദ്യവും ചെന്നിത്തലക്കെതിരെ ഉയര്‍ന്നു കഴിഞ്ഞു. സമാനമായ വിമര്‍ശനമാണ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയും ഉയര്‍ന്നിരിക്കുന്നത്.

മുല്ലപ്പള്ളിയുടെ ഡിവിഷനിലും യു.ഡി.എഫിന് ദയനീയ തോല്‍വിയാണുണ്ടായിരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും മുന്നണിക്കിപ്പോള്‍ ശാപമായി മാറിയിരിക്കുകയാണ്. കാല്‍ നൂറ്റാണ്ട് ഭരിച്ച പുതുപ്പള്ളി പഞ്ചായത്ത് കൈവിട്ട് പോയത് ഉമ്മന്‍ ചാണ്ടിക്കും വലിയ തിരിച്ചടിയാണ്. എന്നാല്‍ സംസ്ഥാനത്തെ പ്രത്യേക ചുമതല ഇല്ലാത്തതിനാല്‍ താരതമ്യേന ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വിമര്‍ശനങ്ങളും കുറവാണ്. ഇത്തവണ പ്രധാനമായും തദ്ദേശ തിരഞ്ഞെടുപ്പ് നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസ്സനുമാണ്. അതിനാല്‍ തന്നെ ഈ മൂന്ന് പേരും മാറി നില്‍ക്കണമെന്ന വികാരമാണ് യു.ഡി.എഫിലുള്ളത്. ഉമ്മന്‍ ചാണ്ടി അല്ലെങ്കില്‍ വി.എം സുധീരനെയോ കെ.മുരളീധരനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടണമെന്ന ആവശ്യം യു.ഡി.എഫ് അണികളിലും ശക്തമാണ്.

എന്നാല്‍ നേതൃത്വത്തിലെ ഒരു വിഭാഗം ഈ ആവശ്യത്തിനും എതിരാണ്. സുധീരന്റെ കാര്യത്തിലാണ് കൂടുതല്‍ എതിര്‍പ്പ്. ഹൈക്കമാന്റ് ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ വി.എം സുധീരന്‍ പരിഗണിക്കപ്പെടുകയൊള്ളൂ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയാലും അല്ലെങ്കിലും സുധീരന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം എന്തായാലും ഉറപ്പാണ്. അതേസമയം വ്യക്തിയല്ല പ്രസ്ഥാനവും പദ്ധതികളുമാണ് വലുതെന്ന നിലപാടിലാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുന്‍ നിര നേതാക്കള്‍ ആരും തന്നെ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ പോലെ ഇത്തവണ കാടടച്ച പ്രചരണത്തിനിറങ്ങിയിരുന്നില്ല. എന്നിട്ടും മികച്ച വിജയം ഇടതുപക്ഷത്തിന് നേടാന്‍ കഴിഞ്ഞത് സര്‍ക്കാറിന്റെ വികസന പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയതിനാലാണ്.

ദുരിത കാലത്തെ അതിജീവനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ വാക്കുകളും ജനങ്ങളെ ഏറെ സ്വാധീനിച്ച ഘടകമാണ്. ഇതിന് എല്ലാറ്റിനും ഉപരി ഉറച്ച നിലപാടും ശക്തമായ കേഡര്‍ സംവിധാനവും ഇടതുപക്ഷത്തെ ശരിക്കും തുണച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുവത്വത്തിന് നല്‍കിയ പരിഗണന വലിയ ആവേശമാണ് പ്രവര്‍ത്തകരിലും ഉണ്ടാക്കിയിരുന്നത്. യു.ഡി.എഫ് ആകട്ടെ പ്രചരണ രംഗത്ത് മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വലിയ പരാജയമായിരുന്നു. സര്‍ക്കാറിനെതിരെ ഉയര്‍ത്തി കാട്ടാന്‍ അവര്‍ക്കുണ്ടായിരുന്നത് ആരോപണങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ അവിടെയും ബി.ജെ.പിയാണ് ഗോളടിച്ചത്. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളില്‍ ഒരു വിഭാഗമാണ് ബി.ജെ.പി പിടിച്ചെടുത്തിരിക്കുന്നത്. യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണ് എന്ന് സുരേന്ദ്രന്‍ പറയുമ്പോള്‍ അന്തം വിട്ടിരിക്കുന്നതിപ്പോള്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല കൂടിയാണ്.

സുരേന്ദ്രന്റെ വാക്കുകള്‍ ഏറ്റെടുത്ത് സര്‍ക്കാറിനെ ആക്രമിച്ച ചെന്നിത്തല ചോദിച്ച് വാങ്ങിയ തിരിച്ചടിയാണിത്. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണിപ്പോള്‍ ചെന്നിത്തലക്കെതിരെ മുന്നണിയിലും കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്. ഇടതിന് തിളക്കമായ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമായ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതിനും ചെന്നിത്തലയാണ് പ്രധാനമായും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ബെന്നി ബഹന്നാനും ചെന്നിത്തലയും ചേര്‍ന്ന് പ്രത്യേക അജണ്ടയുണ്ടാക്കി തീരുമാനം മുന്നണിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. പി.ജെ. ജോസഫ് വെറും കടലാസ് ‘പുലി’ മാത്രമാണ് എന്നറിഞ്ഞിട്ടും ഈ നീക്കത്തിന് ഇരുവരും മുതിര്‍ന്നത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ പ്രേരണയിലാണെന്നാണ് ആക്ഷേപം. പി.ജെ ജോസഫ് വിഭാഗം നേതാവാണ് ഈ ‘പലിശക്കാര’നെന്നും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റാണ് ഇയാള്‍ക്കായി ജോസഫ് വാഗ്ദാനം ചെയ്തിരുന്നത്. പുതിയ സാഹചര്യത്തില്‍ ജോസഫിന്റെ കാര്യം തന്നെയാണ് മുന്നണിയില്‍ ഏറെ പരുങ്ങലിലായിരിക്കുന്നത്. ജോസിന്റെ ശക്തിയാണ് പുതുപ്പള്ളിയിലും തൊടുപുഴയിലും വരെ പ്രകടമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കള്‍ ഇപ്പോള്‍ സംഘടിക്കാനും തുടങ്ങിയിട്ടുണ്ട്.

കെ.മുരളീധരന്‍, കെ.സുധാകരന്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ പരസ്യമായാണ് നേതൃത്വത്തിന്റെ വീഴ്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഘടക കക്ഷികളിലെയും കോണ്‍ഗ്രസ്സിലെയും കൂടുതല്‍ നേതാക്കളും പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹൈക്കമാന്റിലേക്കും വന്‍ പരാതി പ്രവാഹമാണിപ്പോള്‍ നടക്കുന്നത്. നേതൃ അഭാവം ഉള്ളതിനാല്‍ ഉമ്മന്‍ ചാണ്ടിക്കും സുധീരനും പുറമെ കെ.മുരളീധരന്‍, കെ.സുധാകരന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍ പ്രതാപന്‍ അടക്കമുള്ള എം.പിമാരും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും ഇനി വളരെ കൂടുതലാണ്.

Top