ആര്‍ എസ് എസിനെ ഇന്ത്യയുടെ പര്യായമാക്കാന്‍ ശ്രമം;രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി

soniya gandhi

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ബി.ജെ.പിയ്ക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.

ഇന്ത്യയുടെ അടിത്തറ ഗാന്ധി തത്വങ്ങളിലാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളാലും മഹാത്മാഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഗാന്ധിസന്ദേശ യാത്രയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.

മഹാത്മാ ഗാന്ധിയെ ഉദ്ധരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മാര്‍ഗത്തെ പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയതാണ്. ഇന്ത്യയും ഗാന്ധിയും പര്യായങ്ങളായ വാക്കുകളായിരുന്നു. എന്നാല്‍ മഹാത്മാ ഗാന്ധിയെ അരികിലേക്ക് ഒതുക്കി ആര്‍എസ്എസിനെ ഇന്ത്യയുടെ പ്രതീകമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇവര്‍ കേവല അധികാരം മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരിക്കലും ഗാന്ധിയെ മനസിലാക്കിയിട്ടില്ല. കപടതയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധിയുടെ അഹിംസാ ദര്‍ശനം മനസ്സിലാകുകയില്ലെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഗാന്ധിയുടെ ആദര്‍ശങ്ങളെയാണ് പിന്തുടര്‍ന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Top