ചില പാര്‍ട്ടി നേതാക്കള്‍ നേരിട്ട് പണം വാങ്ങി; സിപിഎം അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ നയവ്യതിയാന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഘടകകക്ഷി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ ചില പാര്‍ട്ടി നേതാക്കള്‍ നേരിട്ട് പണം വാങ്ങി എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കാര്യം.

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാക്കള്‍ ഘടകകക്ഷി പാര്‍ട്ടികളുടെ കൈയില്‍ നിന്ന് നേരിട്ട് പണം വാങ്ങുന്നു എന്ന ആരോപണം പല ജില്ലകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടി തുടരുന്ന ശൈലിയുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മാറി വോട്ട് ചെയ്ത സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പരിശോധിച്ച് തിരുത്തണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചരണ ശൈലിയുണ്ട്. ചിലയിടങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടി മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരടുവലികളും നടത്തുന്ന ചിലരും പാര്‍ട്ടിയിലുണ്ട്. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ മതനേതാക്കളെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കുന്നവരും പാര്‍ട്ടിയില്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം ദൗര്‍ബല്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അവലോകന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

 

Top