വിജയ് ചിത്രം ‘മാസ്റ്റർ’ മോഷണ കഥയെന്ന് ആരോപണം; തെളിവുകൾ പുറത്തുവിടുമെന്നും റിപ്പോർട്ട്

രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്ററി’ന്റെത് മോഷ്ടിച്ച കഥയാണെന്ന് ആരോപണം. കെ.രംഗദാസ് എന്ന വ്യക്തിയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. 2017 ഏപ്രിൽ 7ന് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ തന്റെ കഥ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഇയാൾ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിൽ എത്താനിരിക്കെയാണ് ചിത്രത്തിനെതിരെയുള്ള ഈ ആരോപണം.

വിജയ് ചിത്രങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ മുൻപും ഉയർന്നു വന്നിട്ടുണ്ട്. എ ആർ മുരു​ഗദോസ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘സർക്കാ’രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു. വിജയ്‌യോടൊപ്പം ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് വിജയ് സേതുപതിയാണ്. മാളവിക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ അനിരുദ്ധാണ് സം​ഗീതം.

Top