രജൗരിയിലെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഭീകരരില്‍ ചിലര്‍ മുന്‍ പാക് സൈനികര്‍; ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി

ശ്രീനഗര്‍: കഴിഞ്ഞ ദിവസം രജൗരിയിലെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഭീകരരില്‍ ചിലര്‍ മുന്‍ പാക് സൈനികരാണെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. കശ്മീരില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നടക്കാത്തതിനാല്‍ വിദേശത്ത് നിന്ന് ഭീകരരെ എത്തിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാജിമാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡറാണെന്ന് സൈന്യം തിരിച്ചറിഞ്ഞിരുന്നു. 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഓപ്പറേഷനില്‍ ഒരു മേജര്‍ക്കും രണ്ട് ജവാന്‍മാര്‍ക്കും പരിക്കറ്റിരുന്നു.

കര്‍ണാടകയിലെ മംഗലാപുരം സ്വദേശി ക്യാപ്റ്റന്‍ എം വി പ്രഞ്ജല്‍, ആഗ്രയിലെ ക്യാപ്റ്റന്‍ ശുഭം ഗുപ്ത, ജമ്മു കശ്മീരിലെ പൂഞ്ചിലെ ഹവല്‍ദാര്‍ അബ്ദുള്‍ മജിദ്, നൈനിറ്റാളിലെ ലാന്‍സ് നായിക് സഞ്ജയ് ബിസ്റ്റ്, അലിഗഡിലെ പാരാട്രൂപ്പര്‍ സച്ചിന്‍ ലോര്‍ എന്നിവരാണ് ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍.

Top