ചിലര്‍ക്ക് എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിയത് ദഹിച്ചിട്ടില്ല; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തില്‍ പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി.

നിയമ വ്യവസ്ഥ അനുസരിച്ചു കാര്യങ്ങള്‍ നടക്കട്ടെ. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിവരങ്ങള്‍ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ഇവയെല്ലാം സുതാര്യമാണ്. ആരോപണങ്ങളില്‍ മിണ്ടിയാലും മിണ്ടിയില്ലേലും വാര്‍ത്തയാക്കുകയാണെന്നും ചിലര്‍ക്ക് എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത് ദഹിക്കാത്ത പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. എന്ത് ഡീലാണ് കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രന്‍ ചമയുന്ന സീതാറാം യെച്ചൂരി ഈ കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇവിടെ പ്രതിക്കൂട്ടിലാവുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷം പിണറായി വിജയന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയനുമായി എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കുകയാണ് വിഡി സതീശന്‍ ചെയ്യുന്നത്. പ്രതിപക്ഷ നേതാവല്ല മറിച്ച് ഭരണകക്ഷി നേതാവാണ് സതീശന്‍. അദ്ദേഹത്തിന്റെ പുനര്‍ജനി തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും പിണറായിയുടെ കയ്യിലുണ്ട്. അതുകൊണ്ടാണ് സതീശന്‍ നിയമസഭയില്‍ മിണ്ടാതിരിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top