രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാൻ ചില ശക്തികൾ ആഗ്രഹിക്കുന്നു: മോഹൻ ഭാഗവത്

നാഗ്പുർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാൻ ചില ശക്തികൾ ആഗ്രഹിക്കുന്നു. ദുരാഗ്രഹവും സ്വർഥതാൽപര്യങ്ങളുമാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ഇപ്പോൾ യുഎസിലുള്ള രാഹുൽ ഗാന്ധി, മോദി സർക്കാരിനെ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘‘ഇത്തരം അശാസ്ത്രീയമായ അഭിപ്രായങ്ങൾ സാധാരണക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ശക്തികൾ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, അത്തരമൊരു അവസരം നമ്മൾ ആർക്കും നൽകരുത്’’– അദ്ദേഹം പറഞ്ഞു.

ആർഎസ്‌എസിന്റെ ഓഫിസേഴ്‌സ് ട്രെയിനിങ് കോഴ്‌സിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാർട്ടിയുടെയും വ്യക്തിയുടെയും പേര് പരാമർശിക്കാതെ ‘അവർ പരസ്പരം പോരടിക്കുന്ന തിരക്കിലാണ്’ എന്നും ‘അവർ യഥാർഥത്തിൽ രാജ്യത്തിന്റെ ഐക്യത്തിനു ഹാനികരമാണ്’ എന്നും അദ്ദേഹം ആരോപിച്ചു.

Top