somali pirates flee hijacked indian cargo ship take crew member hostage

മൊഗദിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇന്ത്യന്‍ കപ്പല്‍ സൊമാലി സേന തിരിച്ചെടുത്തു.

എന്നാല്‍ കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരില്‍ ഒമ്പത് പേരെ കൊള്ളക്കാര്‍ ബന്ദികളാക്കിയെന്നും അധികൃതര്‍ പറഞ്ഞു. ഈ മാസം ആദ്യമാണ് അല്‍കൗസാര്‍ എന്ന പേരുള്ള കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്.

പെട്ടെന്നുള്ള ആക്രമണത്തില്‍ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചതായി ഗല്‍മുഡഗ് വൈസ് പ്രസിഡന്റ് മൊഹമ്മദ് ഹാഷി അറബേ അറിയിച്ചു. എന്നാല്‍ കപ്പല്‍ ജീവനക്കാരില്‍ രണ്ടുപേരെ മാത്രമെ രക്ഷിക്കാന്‍ സാധിച്ചുള്ളു എന്നും രക്ഷപ്പെട്ട കൊള്ളക്കാരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 117 കടല്‍ക്കൊള്ളക്കാരെ വിട്ടയക്കാനായാണ് കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയതെന്ന് കൊള്ളക്കാര്‍ അറിയിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാമെന്നും ജയിലിലുള്ള കടല്‍ക്കൊള്ളക്കാരെ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ ഒന്നിന് യെമനിലെ അല്‍ മുക്കാല തുറമുഖത്തുനിന്നു ദുബായിലേക്കു പോകുകയായിരുന്ന കപ്പലാണ് കൊള്ളക്കാരുടെ പിടിയിലായത്. ആയുധധാരികളായ ഒരു സംഘം കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ആക്രമിച്ചെന്ന വാര്‍ത്ത കപ്പലിന്റെ ക്യാപ്റ്റനാണ് ദുബായിലെ ഓഫിസില്‍ അറിയിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സൊമാലിയന്‍ മീന്‍പിടിത്ത ബോട്ട് കൊളളക്കാര്‍ തട്ടിയെടുത്തിരുന്നു. ഇതുപയോഗിച്ചാണ് വന്‍ കപ്പലുകളെ ആക്രമിക്കുന്നത്. 2012 നും ശേഷം ആദ്യമായാണ് ചരക്കുകപ്പല്‍ തട്ടിയെടുക്കുന്നത്. കഴിഞ്ഞ മാസം ഓയില്‍ ടാങ്കറും കൊള്ളക്കാര്‍ പിടിച്ചെടുത്തിരുന്നു. രേഖകള്‍ പ്രകാരം 2011 ല്‍ മാത്രം 273 ആക്രമണങ്ങളാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നാവികസേനകള്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കിയതിനെ തുടര്‍ന്ന് കൊള്ളക്കാരുടെ ആക്രമണം കുറഞ്ഞിരുന്നു.

Top