മേഘാലയയും അസാമും തമ്മിലുണ്ടായിരുന്ന അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരം

ന്യൂഡല്‍ഹി: കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമായി തുടരുകയായിരുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നത്തിന് പരിഹാരമായി. മേഘാലയയും അസാമും തമ്മിലുണ്ടായിരുന്ന അതിര്‍ത്തി പ്രശ്‌നങ്ങളാണ് പരിഹരിക്കപ്പെട്ടത്. ഇരുസംസ്ഥാനങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ 12ഓളം ഇടങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ആറെണ്ണമാണ് പരിഹരിക്കപ്പെട്ടത്. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും പ്രശ്‌നങ്ങള്‍ പരിഹരിച്ച കരാറില്‍ ഒപ്പിട്ടു. പ്രശ്‌നപരിഹാരത്തിന് സാക്ഷിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമുണ്ടായിരുന്നു.

‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ന് ചരിത്രപരമായ ദിനം. അസമും മേഘാലയയും തമ്മിലെ അതിര്‍ത്തി കരാറില്‍ ഒപ്പുവച്ചു.’ അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. ആറ് പോയിന്റുകളിലെ പ്രശ്‌നം പരിഹരിച്ചു. ഇത് ഇരു സംസ്ഥാനങ്ങളിലെയും 70 ശതമാനം പ്രദേശങ്ങള്‍ വരുന്നതാണ്. ശേഷിക്കുന്നവയും ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014 മുതല്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രധാനമന്ത്രി പ്രവര്‍ത്തിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

അസമില്‍ നിന്നും 1972ല്‍ പ്രത്യേക സംസ്ഥാനമായി മേഘാലയ മാറിയ അന്നുമുതലാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 884.9 കിലോമീറ്റര്‍ നീളമുളള അതിര്‍ത്തിയില്‍ 36.79 സ്‌ക്വയര്‍ കിലോമീറ്ററുളള 36 ഗ്രാമങ്ങളുണ്ട്. ഇവിടെ താരാബാരി, ജിസാംഗ്, ബൊക്‌ലപാറ, പിലാംഗ്കട,രതച്ചെറ, ഹാഹിംഗ് എന്നിവിടങ്ങളിലാണ് തര്‍ക്കമുണ്ടായിരുന്നത്.

ഇന്ന് ഇരു സംസ്ഥാനങ്ങള്‍ക്കും ചരിത്ര ദിവസമാണെന്ന് മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍റാഡ് സാംഗ്മയും പറഞ്ഞു. ഈ ചരിത്ര ദൗത്യം നിര്‍വഹിക്കാന്‍ കാരണമായത് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിരന്തര പരിശ്രമം കൊണ്ടാണെന്നും അവര്‍ സൂചിപ്പിച്ചു.

Top