ഐഫോണ്‍ 15 പ്രോ സീരീസ് ചൂടാകുന്നതിന് പരിഹാരം; പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്

പ്പിള്‍ ഐഫോണ്‍ 15 പ്രോ സീരീസ് വിപണിയിലെ താരമായിരിക്കെ ആദ്യ വില്‍പനയില്‍ തന്നെ ഉപഭോക്താക്കള്‍ പരാതിയുമായി എത്തുകയുണ്ടായി. തൊട്ടാല്‍ പൊള്ളുന്ന രീതിയില്‍ ഫോണുകള്‍ ചൂടാകുന്നതാണ് പ്രശ്‌നം. ഒടുവില്‍ പരിഹാരമായി
പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.

ഐ.ഒ.എസ് 17.0.3 അപ്ഡേറ്റിലാണ് ഫോണ്‍ ഹീറ്റാകുന്നതായുള്ള പ്രശ്നം പരിഹരിച്ചിരിക്കുന്നത്. ഐ.ഒ.എസ് 17ലെ ബഗ്ഗും ചില തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണ് ഐഫോണുകള്‍ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐ.ഒ.എസ് 17.0.2 ഉപയോഗിക്കുന്നവര്‍ക്ക് 17.0.3യുടെ 42 എം.ബി അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ ‘ചൂടാകല്‍’ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഫോണിലെ പുതിയ ടൈറ്റാനിയം ഫ്രെയിമിനെ ആയിരുന്നു കുറ്റപ്പെടുത്തിയത്, ചിലര്‍ പുതിയ 3 നാനോമീറ്റര്‍ എ 17 പ്രോ ബയോണിക് ചിപ്പിനെയും സംശയിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ ഐഫോണ്‍ 15 ബേസ് മോഡലില്‍ ചൂടാകുന്ന പ്രശ്നം ഇല്ലാത്തതിനാലായിരുന്നു പുതിയ ചിപ്‌സെറ്റിനെ കുറ്റംപെടുത്തിയത്.

അതേസമയം, ആപ്പിള്‍ അത്തരം അവകാശവാദങ്ങള്‍ തള്ളുകയാണുണ്ടായത്. ഐ.ഒ.എസ് 17-ലെ ഒരു ബഗാണ് വില്ലനെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. കൂടാതെ, ഇന്‍സ്റ്റഗ്രാം, ഊബര്‍, Asphalt 9 തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെയും ആപ്പിള്‍ അക്കാര്യത്തില്‍ പഴിച്ച് രംഗത്തുവന്നു.

Top