മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരം; മുഖ്യമന്ത്രിക്ക് സോളിഡാരിറ്റിയുടെ കത്ത്

തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യവസ്ഥ പരിഗണിച്ച് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാളയുടെ കത്ത്.

ദീര്‍ഘനാളായി വിചാരണത്തടവുകാരനായി തടവറക്കുള്ളില്‍ കഴിയുന്ന മഅദനി കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും, ഇരുപതിലേറെ വര്‍ഷങ്ങള്‍ ജയിലില്‍ കഴിച്ചു കൂട്ടിയ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി ബന്ധപ്പെട്ടവര്‍ ആശങ്ക പ്രകടിപ്പിച്ചതായും നഹാസ് മാള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂര്‍ണ്ണ രൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ക്ഷേമം നേരുന്നു.

2007 തിരുവനന്തപുരം ശംഖുമുഖത്ത് നടന്ന ഒരു പരിപാടി കേരള ചരിത്രത്തില്‍ ആരും മറന്നിട്ടുണ്ടാകില്ല. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നിരപരാധിയായി പ്രഖ്യാപിക്കപ്പെട്ട് അബ്ദുന്നാസര്‍ മഅ്ദനി കേരളത്തില്‍ തിരിച്ചെത്തിയ ഉടനെ നടന്നതായിരുന്നു പരിപാടി.

മഅ്ദനി തന്റെ അനുഭവങ്ങളടങ്ങുന്ന സംസാരം നിര്‍വഹിക്കുമ്പോള്‍ അദ്ദേഹത്തോട് ചേര്‍ന്ന് ഒരാളിരിക്കുന്നുണ്ടായിരുന്നു. അന്നത്തെ സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറി, ഇന്നത്തെ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

പിണറയായടക്കം അന്ന് ആ പരിപാടിയില്‍ പങ്കെടുത്ത ഇടതുമുന്നണി നേതാക്കളും ഇടതുസര്‍ക്കാര്‍ മന്ത്രിമാരുമടക്കമുള്ള എല്ലാവരും മഅ്ദനിയുടെ നിരപരാധിത്തവും ദുരിതങ്ങളും അംഗീകരിച്ച് സംസാരിച്ചു.

2010 ആഗസ്റ്റ് 17-ന് വീണ്ടും മഅ്ദനി വാര്‍ത്തകളില്‍ നിറഞ്ഞു. ബംഗളുരും സ്‌ഫോടന കേസില്‍ കര്‍ണാടക പൊലീസ് കേരള പൊലീസിന്റെ ഒത്താശയോടെ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഇടതുസര്‍ക്കാര്‍ തന്നെയാണ് അറസ്റ്റിനുള്ള പശ്ചാതലങ്ങളെല്ലാം ഒരുക്കിയത്. അറസ്റ്റ് നടന്നപ്പോഴും മഅ്ദനിയുടെ നിരപരാധിത്വത്തെക്കുറിച്ച് ഇടതുപക്ഷമടക്കം സംസാരിച്ചു.

വിചാരണ തടവുകാരനായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതേ നിലപാട് തുടര്‍ന്നു. ഇടതുമുന്നണിയുടെ സഖ്യകക്ഷിയായി മഅ്ദനിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കൂടെനടത്തുകയും ചെയ്തു. ഇപ്പോള്‍ മഅ്ദനി വിചാരണ തടവുകാരനായും ആശുപത്രി തടവുകാരനായും ഒരു പതിറ്റാണ്ടുകൂടി പിന്നിടുകയാണ്.

കഴിഞ്ഞ ഇരുപതിലധികം വര്‍ഷമായി രണ്ട് തവണകളിലായി തടവില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കേരള സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും അടിയന്തര ശ്രദ്ധയില്‍ വരേണ്ടതാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാമ്യവ്യവസ്ഥകളോടെ ബംഗുളുരുവില്‍ ആശുപത്രിയില്‍ സ്വന്തം ചെലവിലാണ് മഅ്ദനി കഴിയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖം ഗുരുതമായിരിക്കുന്നു. ജീവനുതന്നെ ഭീഷണിയാണെന്ന് വിദ്ഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വിഷയത്തിലിതുവരെ സര്‍ക്കാര്‍ ഇടപെടാത്തത് ഗുരുതര പ്രശ്‌നമാണ്.

രാഷ്ട്രീയ എതിരാളികളെ പോലും രക്ഷിക്കാന്‍ ധാര്‍മിക ബാധ്യതയുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു മുഖ്യമന്ത്രി. മഅ്ദനിയെ രണ്ട് തവണയും അറസ്റ്റ് ചെയ്യുമ്പോള്‍ ഭരിച്ചിരുന്ന ഇടതുപക്ഷത്തിന് ഈ വിഷയത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. അദ്ദേഹത്തിന്റെ രണ്ട് ജയില്‍വാസങ്ങളെകുറിച്ചും അന്യായ തടവായിരുന്നെന്ന് പല വേദികളിലും ഇടതുപക്ഷ നേതാക്കള്‍ സാക്ഷ്യപ്പെടുത്തുകകൂടി ചെയ്തതിനാല്‍ പ്രത്യേകിച്ചു. എന്നിട്ടും മഅ്ദനിയുടെ വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് മാനുഷിക പരിഗണനകള്‍ പോലും നിഷേധിക്കുന്ന നടപടിയാണ്. അതിനാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നു.

നഹാസ് മാള

പ്രസിഡന്റ്

സോളിഡാരിറ്റി

Top