അറ്റോര്‍ണി ജനറലിനു പിന്നാലെ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും രാജിവച്ചു

ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചതെന്നാണ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍ ജനറലിന്റെയും രാജി.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത് കുമാറിനെ 2014 ജൂണിലാണ് സോളിസിറ്റര്‍ ജനറലായി നിയമിച്ചത്.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മോഹന്‍ പരാശരന്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ സുപ്രധാന പദവിയിലെത്തിയത്.

ഭരണഘടനാ വിദഗ്ധനായ രഞ്ജിത് കുമാര്‍ നേരത്തെ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കമുള്ളവയില്‍ ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി അദ്ദേഹം ഹാജരായിരുന്നു.

നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതെന്ന് രഞ്ജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top