മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; 15 സൈനികര്‍ ഉള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു

മുംബൈ: രാജ്യത്തെ ഞെട്ടിപ്പിച്ച് വീണ്ടും സൈനികര്‍ക്ക് നേരെ ആക്രമണം. മഹാരാഷ്ട്രയില്‍ ഇന്ന് ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സൈനികര്‍ ഉള്‍പ്പടെ പതിനാറ് പേര്‍ കൊല്ലപ്പെട്ടു.

ഗഡ്ച്ചിറോളിയില്‍ സൈനിക വാഹനത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് നിയോഗിച്ച സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഫോടനം നടത്തിയത്. സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഏപ്രില്‍11 ന് ഗഡ്ചിറോളിയില്‍ വോട്ടെടുപ്പ് ദിനത്തിലും മാവോയിസ്റ്റുകള്‍ പോളിങ് ബൂത്തിന് നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. എന്നാല്‍, അന്ന് നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. പിന്നാലെയാണ് ഇന്ന് സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിനായി കൊണ്ടു വന്ന 27 യന്ത്രങ്ങള്‍ മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം കൂടുതല്‍ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. പിന്നാലെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. മാവോയിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ആകമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മോദി ഉന്നയിച്ച അവകാശവാദത്തിന് തൊട്ടു പിന്നാലെയാണ് സൈനികര്‍ക്ക് നേര്‍ക്ക് ആക്രമണം നടന്നിരിക്കുന്നത്. ശ്രീലങ്കയിലെ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദി, 2014-ന് മുമ്പ് ഇന്ത്യയുടെ സ്ഥിതി ശ്രീലങ്കയുടേത് പോലെ ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് സുശക്തമായ സര്‍ക്കാരുണ്ടെന്നും പറഞ്ഞത്.

Top