ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ സ്വപ്നം നടക്കില്ല; തിരിച്ചടിക്കുമെന്ന്‌ പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: കശ്മീരില്‍ 39 ജവാന്‍മാര്‍ കൊല്ലപ്പെടാന്‍ കാരണമായ ഭീകരാക്രമണത്തില്‍, പാക്കിസ്ഥാനെതിരെ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യ ശക്തമായ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാനുള്ള പാക്കിസ്ഥാന്റെ സ്വപ്നം നടക്കില്ലെന്നും ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെയ്തത് വലിയ തെറ്റെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും ഇന്ത്യയെ തളര്‍ത്താനാകില്ലെന്നും ഇന്ത്യയ്‌ക്കൊപ്പം നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ചയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. വന്‍ തോതില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല. ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

അഫ്ഗാനില്‍ നടന്നതിനു സമാനമായ ആക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ്, കശ്മീര്‍ പൊലീസ് നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. പുല്‍വാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ നടന്ന ആക്രമണത്തില്‍ ഇതുവരെ 39 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Top