ബെലന്ദൂര്‍ പുഴയിലെ വിഷ തീ അണയ്ക്കാന്‍ 5000 സൈനികര്‍; ആശങ്കയില്‍ ബാംഗ്ലൂര്‍

belandhur_banglore

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ബെലന്ദൂര്‍ തടാകത്തില്‍ നിന്നുയരുന്ന വിഷവാതകങ്ങളും തീയുമണയ്ക്കാന്‍ എത്തിയത് 5000 സൈനികര്‍. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് സൈന്യത്തിന് തടാകത്തിലെ തീ അണയ്ക്കാന്‍ സാധിച്ചത്. എന്നാല്‍ തടാകത്തില്‍ നിന്നും പുറത്തേക്ക് വരുന്ന പുകയും പതയും ഇപ്പോഴും ജന ജീവിതം ദുസസ്സഹമാക്കുകയാണ്. ബാംഗ്ലൂരിലെ തെക്കന്‍ നഗത്തിലാണ് സംഭവം.

കുറേ നാളുകളായി പുകയുന്ന തടാകത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പുകയും തീയും ഉയരാന്‍ തുടങ്ങിയത്. തുടര്‍ന്ന് തീ ജനവാസ മേഖലയിലേക്കും, സൈനിക താവളത്തിനടുത്തേക്ക് പടര്‍ന്നു. തുടര്‍ന്നാണ് തീ അണയ്ക്കാനുള്ള നടപടി ആരംഭിച്ചത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റിന്റെ സഹായത്തോടെ സംയുക്തമായാണ് തടാകത്തിലെ തീ അണയ്ക്കാന്‍ സൈനികര്‍ ശ്രമിച്ചത് .

ശനിയാഴ്ച രാവിലെ വരെ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് തീ അണയ്ക്കാന്‍ സാധിച്ചെന്ന് സൈന്യം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ തീയും പുകയും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചെന്നും അധികൃതര്‍ അറിയിച്ചു.

belandure_toxic

തടാകത്തിന്റെ സമീപത്തുണ്ടായിരുന്നു വ്യവസായശാലകളില്‍ നിന്നും കാലകാലങ്ങളായി തടാകത്തിലേക്ക് ഒഴുക്കി വിട്ട രാസവസ്തുക്കള്‍, നിര്‍മ്മാണ വസ്തുക്കള്‍ തുടങ്ങിയവ മൂലമാണ് തടാകം വിഷമയമായത്. ഇതിന്റെ തോത് വര്‍ധിച്ചതോടെ ഇടയ്ക്കിടെ തടാകത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്ന് തുടങ്ങിയിരുന്നു. ചില സമയങ്ങളില്‍ മേഘങ്ങള്‍ പോലെ തടാകത്തിലെ പത റോഡിന് മുകളിലേക്കും അന്തരീക്ഷത്തിലേക്കും പറന്ന് പൊങ്ങുമായിരുന്നു. ഇത് ജനങ്ങള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

2015 മുതല്‍ ബെലന്ദൂര്‍ തടാകത്തിലെ മലീനികരണം, അടുത്തുള്ള തെരുവോരങ്ങളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി തുടങ്ങി. തടാകത്തിലെ പത പുതഞ്ഞു വരുന്നതിന്റെ കാര്യമറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് രാസസംയുക്തങ്ങള്‍ മൂലം തടാകം മലിനമാക്കപ്പെട്ടതെന്ന വസ്തുത അധികൃതര്‍ മനസിലാക്കിയത്.

തടാകത്തില്‍ ഫോസ്ഫറസും, സള്‍ഫറും ഉള്‍പ്പെടുന്ന രാസസംയുക്തങ്ങള്‍ ക്രമാതീത അളവിലാണെന്നും, അത് തടാകത്തില്‍ വിഷമയമാക്കി കഴിഞ്ഞെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സമീപപ്രദേശത്തെ എല്ലാ ഫാക്ടറികളും അടച്ചു പൂട്ടുകയായിരുന്നു. പക്ഷെ അപ്പോഴേക്കും തടാകം വിഷമയമായി കഴിഞ്ഞിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലെ തടാകത്തില്‍ തീ പടര്‍ന്നിരുന്നു. തടാകത്തിലെ വിഷവും പതയും നീക്കാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട് .

Top