സൈനികരുടെ മൃതദേഹം ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ചു; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ രാഷ്ട്രനേതാക്കള്‍

ഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്. 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കര വ്യോമ നാവിക സേനാ തലവന്‍മാരും സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

പൊതുജനങ്ങള്‍ക്കും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അനുവാദമുണ്ട്. നാളെ രാവിലെ 11 മണി മുതല്‍ 12 വരെയാണ് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. 12.30 മണി മുതല്‍ 1.30 മണി വരെ സൈനിക ഉദ്യോഗസ്ഥര്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്.

ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, എന്നിവരുടേതുള്‍പ്പെടെ നാല് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്.

ബിപിന്‍ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവില്‍ അറിച്ചിട്ടുള്ളത്.

Top