കാശ്മീരില്‍ സൈനികന്‍ വെടിവച്ച് മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുവിലെ ആര്‍.എസ് പുര അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാന്‍സ്‌നായക് പര്‍വേഷ് കുമാറാണ് (36) സ്വയം വെടിവച്ച് മരിച്ചത്.

ആര്‍.എസ്. പുരയിലെ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ചല്ല ഗ്രാമത്തിലാണ് പര്‍വേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. രാവിലെ 6:45ന് സ്വന്തം സര്‍വീസ് റിവോര്‍വര്‍ ഉപയോഗിച്ച് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ഇയാള്‍ ധരിച്ചിരുന്ന ഹെല്‍മറ്റിലൂടെ തുളച്ച് കയറി തല പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇയാള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു.

യുദ്ധങ്ങളിലല്ലാതെ ഓരോ വര്‍ഷവും ഇന്ത്യക്ക് നഷ്ടപ്പെടുന്നത് 1600 ജവാന്‍മാരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ദിവസങ്ങള്‍ക്കകമാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ 12 മടങ്ങ് അധികം ആളുകളാണ് ഇന്ത്യയുടെ സൈനിക വിഭാഗങ്ങളില്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top