സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയേ അടങ്ങൂ ; നിയമവശം പരിശോധിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമവശം പരിശോധിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

റിപ്പോര്‍ട്ട് അനുകൂലമാണെന്ന് കരുതിയല്ല ആവശ്യപ്പെടുന്നതെന്നും, റിപ്പോര്‍ട്ടിലെ പരാമര്‍ശം അറിയാനും എന്തുകൊണ്ട് നിയമനടപടി എന്നറിയാനുമാണെന്നും, റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം നേതാവ് ടി.കെ ഹംസ എങ്ങനെ അറിഞ്ഞു എന്ന് മുഖ്യമന്ത്രി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഉമ്മന്‍ചാണ്ടിയും ആരോപണവിധേയരായ പ്രതിപക്ഷ നേതാക്കളും നിയമപോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ്.

ഇതിനെ തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചനകള്‍ തുടങ്ങി.

ഉമ്മന്‍ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ കപില്‍സിബലും അഭിഷേക് സിങ്ഖ്്വിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരെത്തും.

ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി അഭിഷേക് സിങ്ഖ്്വി ഉള്‍പ്പെടെയുള്ള നിയമജ്ഞരുമായി ആശയവിനിമയം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വിവരാവകാശനിയമം വഴി ചീഫ് സെക്രട്ടറിക്കും പിന്നീട് മുഖ്യമന്ത്രിക്കും കത്ത് നല്‍കിയത്.

ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെയാണ് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നത്.

ആരോപണ വിധേയര്‍ക്ക് എന്താണ് ആരോപണങ്ങളെന്നുപോലും വ്യക്തമാകാതെ എങ്ങനെ കേസെടുക്കാനാവും എന്ന വാദമാകും കോടതിക്ക് മുന്നില്‍വെക്കുക. സര്‍ക്കാര്‍ നടപടികള്‍ സാമാന്യനീതിയുടെ നിഷേധമാണെന്നും ധരിപ്പിക്കും.

Top