ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ പീഡനക്കേസ്; പ്രത്യേക കോടതിയിലേക്ക് മാറ്റി

കൊച്ചി: സോളാര്‍ പ്രതി സരിത.എസ്.നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ.സി.വേണുഗോപാല്‍ എംപിക്കും എതിരെയെടുത്ത പീഡനക്കേസ് കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്.

2012ല്‍ ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു പീഡിപ്പിച്ചെന്നാണ് സരിതയുടെ മൊഴി. കെ.സി വേണുഗോപാല്‍ റോസ് ഹൗസില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും സരിത മൊഴി കൊടുത്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേ കേസ് എടുത്തതു ശബരിമല വിഷയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

അതേസമയം സരിതയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ് പി അബ്ദുള്‍ കരീമാണ് അന്വേഷണ സംഘത്തലവന്‍. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.

ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കിക്കൊണ്ടാണ് അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചിരിക്കുന്നത്. കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറുകയും പഴയ അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തിന് കേസ് കൈമാറുകയുമാണ് ചെയ്തിരിക്കുന്നത്.

ഓരോ വ്യക്തികള്‍ക്കുമെതിരെ പ്രത്യേകം പരാതികള്‍ സ്വീകരിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ലൈംഗിക പീഡന പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലുമടക്കം നാല് പേര്‍ക്കെതിരെ സരിത നായര്‍ മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാനാവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.

Top