ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍ പ്രവര്‍ത്തന സജ്ജമായി. 32 ലക്ഷം സോളാര്‍ പാനലുകളാണ് പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബുദാബിയിലെ സ്വീഹാന്‍ എന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ‘നൂര്‍ (അറബിയില്‍ പ്രകാശം എന്നര്‍ഥം) അബുദാബി’ പ്രൊജക്ടാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അബുദാബി നാഷണല്‍ എനര്‍ജി കമ്പനി, ടി.എ.ക്വു.എ, മസ്ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനി, ഇ.ഡി.എഫ്, ജിങ്കോപവര്‍ എന്നിവര്‍ പങ്കാളികളായ ഒരു കണ്‍സോര്‍ഷ്യമാണ് പവര്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. അബുദാബി നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയാണ് സൗരോര്‍ജ പ്ലാന്റ് ഒരുക്കുന്നത്. പദ്ധതിയുടെ പവര്‍ പര്‍ച്ചേസ് കരാര്‍, പി.പി.എ, ഓഹരി ഉടമകളുടെ കരാര്‍ എന്നിവ ഇ.ഡബ്ലിയു.ഇ.സിയുമായി ഒപ്പുവെച്ചിരുന്നു.

പ്രതിവര്‍ഷം 2.4 ദശലക്ഷം മെട്രിക് ടണ്ണിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം ഈ പദ്ധതി വഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 4,70,000 കാറുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമായ ഒന്നാണ് ഇത്. പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അബുദാബിയുടെ സൗരോര്‍ജ്ജ ശേഷി ഏകദേശം 3.2 ജിഗാവാട്ടായി ഉയര്‍ത്താനും യുഎഇയിലുടനീളം ഏകദേശം 1,60,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനും കഴിയും. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ പ്രോജക്റ്റ് സോളാര്‍ പി.വി പ്ലാന്റായ ടി.എ.ക്വു.എയുടെ 1.2 ജിഗാവാട്ട് ‘നൂര്‍ അബുദാബി’ സോളാര്‍ പ്ലാന്റിനേക്കാള്‍ വലുതായിരിക്കും ഇത്.

Top