Solar-Oommen chandy-Aryadan Muhammed-Resignation

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സരിതയുടെ വെളിപ്പെടുത്തല്‍ മുന്‍ നിര്‍ത്തി കേസെടുത്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് നല്‍കിയ സാഹച്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രാജി വയ്‌ക്കേണ്ടി വരും.

സോളാര്‍ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രിക്ക് 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈക്കൂലി നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാണിച്ച് പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന രാഷട്രീയത്തെ ഞെട്ടിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ഹൈക്കോടതി, വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ഉടന്‍ രാജിവയ്‌ക്കേണ്ടി വരും.

പി.ഡി ജോസഫിന്റെ ഹര്‍ജി പരിഗണിച്ച കോടതി പ്രാഥമിക നടപടികളിലേക്ക് പോലും കടക്കാതെ പെട്ടെന്ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

അസാധാരണമായ സാഹചര്യത്തിലെ അസാധരണമായ ഉത്തരവാണിതെന്നും കോടതി വ്യക്തമാക്കി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്ന് പറഞ്ഞ കോടതി പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രിയായാലും തുല്യനീതി മാത്രമാണുള്ളതെന്നും ചൂണ്ടിക്കാണിച്ചതും സര്‍ക്കാരിന് പ്രഹരമായി.

നേരത്തെ ഇതേ കോടതിയുടെ തന്നെ നിലപാടിനെ തുടര്‍ന്നാണ് മന്ത്രി കെ.ബാബുവിന് രാജിവയ്‌ക്കേണ്ടി വന്നത്.

ബാര്‍ കോഴക്കേസില്‍ പെട്ട് മന്ത്രി കെ.എം മാണിക്ക് പുറമെ കെ ബാബുവും രാജിവച്ച സാഹചര്യത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും രാജിയല്ലാതെ മറ്റു പോംവഴിയില്ല.

അസാധാരണമായ ഈ സ്ഥിതിവിശേഷം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിന് തന്നെ കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മാത്രമല്ല സര്‍ക്കാര്‍ തന്നെ രാജി വച്ച് ജനവിധി തേടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും തെരുവിലിറങ്ങിയിരിക്കുകയാണ്.

ഇതിനിടെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നിരവധി തവണ ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ പോലീസിനു നേരെയും കല്ലേറുണ്ടായി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് എത്തിയതോടെ തലസ്ഥാനം യുദ്ധക്കളമായി മാറി.

Top