തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സരിത എസ് നായര്‍

തിരുവനന്തപുരം: പുതിയ വ്യവസായ സംരംഭവുമായി സോളാര്‍ നായിക സരിത എസ് നായര്‍ രംഗത്ത്.

കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്ന സരിതയുടെ നവസംരംഭം ആരംഭിച്ചിരിക്കുന്നത്.

വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്.

തക്കല നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്.

ഒരു യൂണിറ്റില്‍ തദ്ദേശീയരായ വനിതകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ജോലിചെയ്യുന്നുണ്ട്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്.

‘തുടക്കത്തില്‍ ആവശ്യമനുസരിച്ചാണ് കവറും കപ്പും നിര്‍മിക്കുന്നത്. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്‌നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നത്. തമിഴ്‌നാട്ടില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കുമന്നും സരിത പറഞ്ഞു.

കൂടാതെ മധുര അറുപ്പുക്കോട്ടയിലുള്ള ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കുവേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും സരിതയ്ക്കാണ്.

Top