solar cause-chennithala old P.A

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാന്‍ അനുമതി തേടി സരിത വിളിച്ചിരുന്നെന്ന് മുന്‍ പി എ ടി ജി പ്രദോഷ്. ഏത് ഫോണ്‍ വിളികളോടും പ്രതികരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് മിസ് കോള്‍ കണ്ടാല്‍ പോലും താന്‍ തിരിച്ചു വിളിക്കുമായിരുന്നു. അങ്ങനെ സരിതയേയും വിളിച്ചിട്ടുണ്ടെന്നും പ്രദോഷ് സോളാര്‍ കമ്മീഷനെ അറിയിച്ചു.പല നമ്പറുകളില്‍ നിന്നും സരിത വിളിച്ചിട്ടുണ്ട്. സരിതയുമായി രാഷ്ട്രീയകാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ചെന്നിതലയുടെ പേര് പറഞ്ഞ് ഒരു ലക്ഷ്മി നായര്‍ വിളിച്ചെന്ന് കേന്ദ്രമന്ത്രി പളനി മാണിക്യം പറഞ്ഞിരുന്നു. തുടര്‍ന്ന് ലക്ഷ്മി നായര്‍ ആരാണെന്ന് അന്വേഷിക്കാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നുണ പറയരുതെന്ന് പ്രദോഷിനോട് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷനില്‍ പ്രദോഷിന്റെ സാക്ഷി വിസ്താരം തുടരുന്നു. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ മുന്നിലാണ് സാക്ഷി വിസ്താരം.

മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ആവശ്യം കമ്മീഷന്‍ 26ന് പരിഗണിക്കും.

സോളാര്‍ തട്ടിപ്പ് കേസില്‍ ഒരു ഇടവേളക്ക് ശേഷമാണ് കമ്മീഷന്‍ വിസ്താരം ആരംഭിച്ചിരിക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെയും ഈ ഘട്ടത്തില്‍ കമ്മീഷന്‍ വിസ്തരിക്കും. കോയമ്പത്തൂരിലെ തെളിവെടുപ്പിനായി പൂജപ്പുര ജയിലില്‍ നിന്നെത്തിച്ച എസ് ഐ രാജ്കുമാരിനെയും ഇന്ന് വിസ്തരിക്കും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സെക്രട്ടറിമാരായ ശ്രീകുമാര്‍, ലത പണിക്കര്‍ എന്നിവരെ 20നും സരിത എസ് നായരെ ആദ്യം അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ ഡി വൈ എസ് പി കെ ഹരികൃഷ്ണനെ 21 നും മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ പേഴ്‌സണല്‍ സെക്രട്ടറി വി കെ രവീന്ദ്രനെ 26നും വിസ്തരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്നിട്ടും നടപടിയെടുക്കാത്തതിനാല്‍ ഇവരെ വിചാരണ ചെയ്യണമെന്നമെന്നാണ് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ ആവശ്യം. ഉമ്മന്‍ ചാണ്ടിയെ നേരത്തെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.

Top